ആലപ്പുഴ: ഛത്തീസ്ഗഡില്‍ തടവിലാക്കപ്പെട്ട കന്യാസ്ത്രീകളുടെ മോചനത്തിനായി ശക്തമായി ഇടപെട്ട എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം പിക്ക് നന്ദി അറിയിച്ച് എ.എസ്.എം.ഐ. സന്യാസിനീ സമൂഹത്തിന്റെ മദര്‍ ജനറല്‍ സിസ്റ്റര്‍ ഇസബെല്‍. കെ.സി. വേണുഗോപാലിന്റെ ആലപ്പുഴയിലെ വസതിയില്‍ എത്തിയാണ് സന്യാസിമാര്‍ നന്ദി അറിയിച്ചത്.
ചേര്‍ത്തല മതിലകത്ത് ആസ്ഥാനമുള്ള എ.എസ്.എം.ഐ. കോണ്‍ഗ്രിഗേഷന്‍ ഓഫ് സിസ്റ്റേഴ്‌സ് അംഗങ്ങളായ കന്യാസ്ത്രീകളാണ് ഛത്തീസ്ഗഡില്‍ തടവിലായിരുന്നത്. ഇവരുടെ മോചനത്തിന് വേണുഗോപാല്‍ നടത്തിയ ശ്രമങ്ങള്‍ക്ക് നേരിട്ട് നന്ദി അറിയിക്കുകയായിരുന്നു.
അസിസ്റ്റന്റ് മദര്‍ ജനറല്‍ സിസ്റ്റര്‍ റെജിസ് മേരി, മെഡിക്കല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ലീന ഫ്രാന്‍സിസ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഈ വിഷയം പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും കന്യാസ്ത്രീകളുടെ മോചനത്തിനായി ഇടപെടലുകള്‍ നടത്തുകയും ചെയ്തതിലൂടെ കോണ്‍ഗ്രസ് എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ചു കൊണ്ടുപോകുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു.