ലോക്ക് ഡൗൺ ഇളവുകൾ നാളെ മുതല്‍ നിലവിൽ വരും

Jaihind News Bureau
Monday, April 20, 2020

കോട്ടയം :

ജില്ലയിൽ 21 മുതൽ സാധാരണ ജീവിതം അനുവദിക്കുമെങ്കിലും ചില നിയന്ത്രണങ്ങൾ ബാധകമാണ്. പുറത്തിറങ്ങുന്നവർക്കെല്ലാം മാസ്‌ക് നിർബന്ധമായിരിക്കും. ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളും തുറന്നു പ്രവർത്തിക്കും. പുറത്തെ ജില്ലകളിലുള്ള ഉദ്യോഗസ്ഥർ കോട്ടയത്ത് താമസിക്കണമെന്നാണ് നിർദേശം.

കോട്ടയം ജില്ലയിൽ ഏപ്രിൽ 21 മുതൽ ഇളവുകൾ നിലവിൽ വരും. ജില്ലയിലെ മുഴുവൻ സർക്കാർ ഓഫീസുകളും പ്രവർത്തനം ആരംഭിക്കും. ജില്ലയ്ക്കു പുറത്തു നിന്നെത്തി ജോലി ചെയ്യുന്നവർ കോട്ടയത്തു തന്നെ താമസിക്കണമെന്ന് ജില്ലയുടെ ചാർജുള്ള മന്ത്രി പി. തിലോത്തമൻ നിർദേശം നൽകി. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നെത്തി ജോലി ചെയ്യുന്നവർ തിരിച്ചെത്തി ക്വാറന്‍റൈനിൽ പ്രവേശിക്കണം. പുറത്തിറങ്ങുന്നവർക്കെല്ലാം മാസ്‌ക് നിർബന്ധമാണ്. കാറിലും ഓട്ടോറിക്ഷയിലും ഡ്രൈവറെ കൂടാതെ 2 പേർക്ക് യാത്ര ചെയ്യാം. രാവിലെ 7 മുതൽ വൈകുന്നേരം ഏഴ് വരെ ഹോട്ടലുകൾ പ്രവർത്തിക്കും.

9 മുതൽ 6 വരെ തുണി കടകൾ തുറക്കും. ജനങ്ങൾ സഞ്ചാരം ജില്ലയിൽ മാത്രമായി പരിമിതപ്പെടുത്തണം. ജില്ലയ്ക്കു പുറത്തേക്കുള്ള യാത്രകൾക്ക് കർശന വിലക്കുണ്ട്. മരണം, വിവാഹം പോലുള്ള ചടങ്ങുകളിൽ പരമാവധി 20 ആളുകൾക്ക് മാത്രം പങ്കെടുക്കാനാണ് അനുമതിയുള്ളത്. കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കും. നിലവിലുള്ളതുപോലെ തന്നെ പൊതുപരിപാടികൾക്കുള്ള നിരോധനം തുടരും. കൊവിഡ് 19 സംബന്ധിച്ച് ജില്ലയുടെ പരീക്ഷണ കാലഘട്ടം പൂർത്തിയായെന്ന വിലയിരുത്തലിലാണ് അധികൃതർ.

എറണാകുളം :

ഓറഞ്ച് എ വിഭാഗത്തിൽപ്പെട്ട എറണാകുളം ജില്ലയിൽ 24 മുതൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുണ്ടാവുമെങ്കിലും, ഹോട്ട്‌സ്‌പോട്ട് കേന്ദ്രങ്ങളിൽ ഇളവുണ്ടാവില്ല. ഹോട്ട്സ്പോട്ടില്‍പെട്ട എറണാകുളം ജില്ലയെ സംസ്ഥാന സർക്കാർ ഓറഞ്ച്-എ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 24 മുതൽക്കുള്ള രണ്ടാം ഘട്ടത്തിലാണ് ജില്ലയ്ക്ക് ഇളവുകൾ പ്രാബല്യത്തിൽ വരുക. എന്നാൽ കൊച്ചി കോർപറേഷൻ, മുളവുകാട് പഞ്ചായത്ത് എന്നിവിടങ്ങൾ ജില്ലയിലെ അതീവ ജാഗ്രതാ പ്രദേശങ്ങളായി ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചതിനാൽ ഇവിടങ്ങളിൽ നിലവിലുള്ള കർശന നിയന്ത്രണങ്ങൾ മെയ് 3 വരെ തുടരും.