കോട്ടയം : പ്രധാനമന്ത്രി മൻ കീ ബാത്തില്‍ പ്രശംസിച്ച പരിസ്ഥിതി സ്നേഹി രാജപ്പന്‍റെ പണം ബന്ധുക്കൾ തട്ടിയെടുത്തതായി പരാതി. സഹായമായി ലഭിച്ച തുകയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ രാജപ്പനറിയാതെ സഹോദരിയും കുടുംബവും തട്ടിയെടുത്തു എന്ന് പരാതിയില്‍ പറയുന്നു. സഹായമായി കിട്ടിയ രണ്ട് വള്ളവും ബന്ധുക്കള്‍ കൈവശം വെച്ചിരിക്കുന്നതായും പരാതിയുണ്ട്.
തന്‍റെ ബാങ്ക് അക്കൗണ്ടിൽ നിന്നു സഹോദരി 5.08 ലക്ഷം രൂപ പിൻവലിച്ചതായാണ് പരാതി. വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും രാജപ്പന് പാരിതോഷികമായി ലഭിച്ച പണമാണിത്. സഹോദരി ചെത്തുവേലി സ്വദേശി വിലാസിനിക്കെതിരായാണ് രാജപ്പന്‍റെ പരാതി. ജോയിന്‍റ് അക്കൗണ്ടിലെ പഴുത് മുതലാക്കിയാണ് പണം തട്ടിയതെന്നാണ് വ്യക്തമാകുന്നത്.
എന്നാൽ രാജപ്പന് വീടു വെക്കുന്നതിനു വേണ്ടി സ്ഥലം വാങ്ങാനാണ് ബാങ്കിൽ നിന്നു പണമെടുത്തതെന്നാണ് സഹോദരിയുടെ വിശദീകരണം. അതേസമയം പണമെടുത്ത് ആറ് മാസം കഴിഞ്ഞിട്ടും വീട് നിർമ്മാണത്തിനുള്ള നടപടിയൊന്നും തുടങ്ങിയിട്ടില്ല. കഴിഞ്ഞ ഫെബ്രുവരിയിലാണു വിലാസിനി 5.08 ലക്ഷം രൂപ എടുത്തത്. ബുധനാഴ്ച ബാങ്കിൽ നിന്നു സ്റ്റേറ്റ്മെന്‍റ് എടുത്തപ്പോഴാണ് പണം പിൻവലിച്ചതായി അറിഞ്ഞതെന്ന് രാജപ്പൻ പരാതിയിൽ പറഞ്ഞു.
പക്ഷാഘാതം മൂലം കാലുകൾ തകർന്ന രാജപ്പൻ സ്വയം വള്ളം തുഴഞ്ഞ് വേമ്പനാട്ടുകായലിലെയും മീനച്ചിലാറ്റിലെയും കൈവഴികളിലെയും പ്ലാസ്റ്റിക് കുപ്പികൾ പെറുക്കി വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്. തനിക്ക് പാരിതോഷികമായി ലഭിച്ച രണ്ട് വള്ളങ്ങളും വിലാസിനി കൈവശം വച്ചിരിക്കുകയാണെന്നും പരാതിയുണ്ട്. സ്വന്തമായി വീടില്ലാത്ത രാജപ്പന്‍ ബന്ധുവിനൊപ്പമാണ് താമസിക്കുന്നത്.