ശരത്​ലാലിന്‍റെ ബന്ധുവിന് നേരെ എസ്.എഫ്.ഐ അതിക്രമം; പഠനം തുടരാന്‍ അനുവദിക്കില്ലെന്ന് പരാതി; ഭീഷണി മുഖ്യമന്ത്രിക്കെതിരെ സ്റ്റാറ്റസ് ഇട്ടെന്ന പേരില്‍

Jaihind Webdesk
Wednesday, June 12, 2019

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാട്സാപ്പ് സ്റ്റാറ്റസിട്ടതിന് കാസര്‍കോട് പെരിയയില്‍ വിദ്യാര്‍ഥിക്ക് എസ്.എഫ്.ഐയുടെ ഭീഷണി.   എസ്.എഫ്.ഐ യുടെ ഭീഷണിയും അതിക്രമവും കാരണം കെ.എസ്.യു പ്രവർത്തകനും ശരത്ത് ലാലിന്‍റെ ബന്ധുവുമായ ദീപക്കിന് പഠനം പൂർത്തിയാക്കാനാകുന്നില്ലെന്ന് പരാതി.  രാവണീശ്വരം ജിഎച്ച്എസ്എസില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥി എസ്.എഫ്.ഐ അംഗങ്ങളായ മുതിര്‍ന്ന വിദ്യാര്‍ഥികളുടെ നിരന്തര ഭീഷണി മൂലം മറ്റൊരു സ്കൂളിലേക്ക് മാറ്റംവാങ്ങിയെങ്കിലും ഇതോടെ ഭീഷണിയുടെ സ്വരം കടുക്കുകയാണ് ചെയ്തത്.  പുതിയ സ്കൂളിലെത്തിയിട്ടും ഭീഷണി തുടരുകയാണ്. വിദ്യാര്‍ഥിയുടെ ഭാവിയോര്‍ത്ത് പൊലീസില്‍ പരാതിപ്പെടാന്‍ ഭയക്കുകയാണ് കുടുംബം.

ഇരട്ട കൊലപാതകം നടന്ന പെരിയയിൽ വീണ്ടും കോൺഗ്രസ് പ്രവർത്തകർക്ക് നേരെ സിപിഎം ഭീഷണി തുടരുന്നുവെന്ന പരാതിയ്ക്കിടെയാണ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശരത് ലാലിന്‍റെ ബന്ധുകൂടിയായ  വിദ്യാര്‍ത്ഥിക്ക് നേരെ സ്കൂളിലും ഭീഷണിയുമായി എസ്.എഫ്.ഐ എത്തിയത്.   മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാട്സാപ്പ് സ്റ്റാറ്റസിട്ടു എന്ന കാരണം പറഞ്ഞാണ് ഭീഷണി.  രാവണീശ്വരം ജിഎച്ച്എസ്എസിലായിരുന്നു ശരത് ലാലിന്‍റെ ബന്ധുവായ വിദ്യാര്‍ഥി പ്ലസ് വണ്ണിന് ചേര്‍ന്നത്. അന്നു വൈകീട്ടോടെ ഇതേ സ്കൂളില്‍ പ്ലസ്ടൂവിന് പഠിക്കുന്ന വിദ്യാര്‍ഥിയുടെ നമ്പറില്‍ നിന്ന് ശരത് ലാലിന്‍റെ ബന്ധുവിന് ഭീഷണി സന്ദേശങ്ങള്‍ എത്തി.  മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്ന വാട്സാപ്പ് സ്റ്റാറ്റസായിരുന്നു പ്രശ്നം. സ്റ്റാറ്റസ് നീക്കം ചെയ്തില്ലെങ്കില്‍ സ്കൂളില്‍ വച്ചുകാണമെന്ന് ഭീഷണി.  പ്രവേശനോത്സവത്തിനിടെ നല്‍കിയ കാര്‍ഡ് കൈയ്യിലുണ്ടെന്നതിന് തെളിവ് നല്‍കാനും ആവശ്യപ്പെട്ടു. ഇത് സൂക്ഷിക്കാത്തതും ഭീഷണിക്ക് കാരണമായി.

വനിതാമതിലിനെക്കുറിച്ച് നവമാധ്യമങ്ങളിൽ പോസ്റ്റിട്ടതിന് മര്‍ദ്ദനമേറ്റ ഇതേസ്കൂളിലെ മറ്റൊരു വിദ്യാര്‍ഥിയുടെ അനുഭവം ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്.