ഡല്‍ഹിയില്‍ അധികാരത്തിലേറിയ ബിജെപി മുഖ്യമന്ത്രിയ്‌ക്കെതിരേ ആരോപണങ്ങളുമായി എഎപി നേതാവ് അതിഷി. ഡല്‍ഹിയിലെ മുഖ്യമന്ത്രിയ്ക്കു മേലേ അവരുടെ ഭര്‍ത്താവാണ് ഭരണം നടത്തുന്നതെന്ന് ആരോപണമാണ് അതിഷി ഉയര്‍ത്തിയത്.
‘ഈ ഫോട്ടോ ശ്രദ്ധിക്കൂ. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ , ഡല്‍ഹി ജല ബോര്‍ഡ് , പിഡബ്ല്യുഡി, ഉദ്യോഗസ്ഥരുടെ യോഗമാണ് നടക്കുന്നത്. ഇതു നടത്തുന്നതാവട്ടെ ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഭര്‍ത്താവ് മനീഷ് ഗുപ്തയാണ്’ അതിഷി സോഷ്യല്‍ മീഡിയയില്‍ നല്‍കിയ പോസ്റ്റില്‍ പറയുന്നു. ഗ്രാമീണ മേഖലയില്‍ ഇങ്ങനെ ഒരു സാഹചര്യം പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാല്‍ ഡല്‍ഹിയിലും ഇതേ അവസ്ഥയാണെന്ന് അവര്‍ കുറിച്ചു.
ഗ്രാമീണ മേഖലയില്‍ ഒരു വനിതാ സര്‍പഞ്ച് തിരഞ്ഞെടുക്കപ്പെട്ടാല്‍, സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ ജോലികളും അവരുടെ ഭര്‍ത്താവ് കൈകാര്യം ചെയ്യുമെന്ന് മുമ്പ് കേട്ടിട്ടുണ്ട്. എന്നാല്‍ രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായിരിക്കണം ഒരു സ്ത്രീ മുഖ്യമന്ത്രിയായതോടെ എല്ലാ ജോലികളും അവരുടെ ഭര്‍ത്താവ് കൈകാര്യം ചെയ്യുന്നത് ‘ അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
തലസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി മുടക്കവും സ്വകാര്യ സ്‌കൂള്‍ ഫീസ് വര്‍ദ്ധനവും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ രേഖ ഗുപ്തയ്ക്ക് എന്തെങ്കിലും അറിയുന്നുണ്ടോ? അതിഷി ചോദിച്ചു. ‘സര്‍ക്കാര്‍ ജോലികള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് രേഖയ്ക്ക് അറിയില്ലേ? ഡല്‍ഹിയില്‍ എല്ലാ ദിവസവും നീണ്ട വൈദ്യുതി മുടക്കം ഉണ്ടാകുന്നതിന്റെ കാരണം ഇതാണോ? സ്വകാര്യ സ്‌കൂളുകളുടെ ഫീസ് വര്‍ദ്ധിക്കുന്നതിന്റെ കാരണം ഇതാണോ? രേഖയ്ക്ക് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലേ? അത് വളരെ അപകടകരമാണ് – അതിഷിയുടെ പോസ്റ്റില്‍ പറയുന്നു