വാട്സാപ്പ് നിരോധിക്കണമെന്ന ഹർജി തള്ളി; അപ്രസക്തമെന്ന് ഹൈക്കോടതി

Jaihind Webdesk
Monday, June 28, 2021

കൊച്ചി : വാട്സ്ആപ്പ് നിരോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. കേന്ദ്ര ഐടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ വാട്സാപ്പ് നിരോധിക്കണം എന്നാവശ്യപ്പെട്ട്  കുമളി സ്വദേശി ഓമനക്കുട്ടൻ ആണ് ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍ കേന്ദ്ര സർക്കാർ പുതിയ ഐടി നിയമങ്ങൾ കൊണ്ടുവരുന്ന സാഹചര്യത്തിൽ ഹർജിക്ക് ഇപ്പോൾ പ്രസക്തിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

വാട്സ്ആപ്പ് ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വാട്സാപ്പ് ഡാറ്റയിൽ കൃത്രിമത്വം നടക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇത് തെളിവായി സ്വീകരിക്കരുതെന്നും കേന്ദ്ര ഐടി ചട്ടത്തിലെ വ്യവസ്ഥകൾ പാലിക്കാൻ വാട്ട്സ്ആപ്പിന് നിർദ്ദേശം നൽകണമെന്നുമായിരുന്ന ഓമനക്കുട്ടന്‍ ഹർജിയിൽ ആവശ്യപ്പെട്ടത്.