എന്തിനുവേണ്ടിയാണ് പരിഷ്കാരങ്ങൾ – വളർച്ചയ്‌ക്കോ സ്വയം മഹത്വവത്കരിക്കാനോ?

P. Chidambaram
Monday, November 23, 2020

 

സാമ്പത്തിക പരിഷ്കാരങ്ങളെയും വളർച്ചയെയും കുറിച്ചുള്ള ചർച്ചയിൽ പ്രൊഫസർ അരവിന്ദ് പനഗരിയ പങ്കു ചേർന്ന രീതിയെ ഞാൻ സ്വാഗതം ചെയ്യുന്നു. ‘പരിഷ്കാരങ്ങളും വളർച്ചയും’ എന്ന (ഇന്ത്യൻ എക്സ്പ്രസ്, ഒക്ടോബർ 18, 2020) എന്റെ പംക്തിക്കു മറുപടിയായി ‘മോദിയുടെ പരിഷ്കരണ റെക്കോർഡിനെ പ്രതിരോധിച്ചു കൊണ്ട് ’ എന്ന ലേഖനം അദ്ദേഹം എഴുതിയിട്ടുണ്ട്. അദ്ദേഹം സംവാദത്തെ പണ്ഡിതോചിതവും മര്യാദയുള്ളതുമായ ഒരു തലത്തിൽ നിർത്തിയതിൽ എനിക്ക് സന്തോഷവുമുണ്ട്.

എന്റെ പംക്തിയിൽ , മോദിയുടെ അനുയായികൾ വളരെയധികം കൊട്ടിഘോഷിച്ച അഞ്ച് പരിഷ്കാരങ്ങളാണ് ഞാൻ വിശകലനം ചെയ്തത്. “ഒരു പരിഷ്കാരത്തിന്റെ ആത്യന്തിക പരിശോധന എന്ന് പറയുന്നത് അത് ജിഡിപിയുടെ വളർച്ചാ നിരക്ക് കൂട്ടുകയോ ത്വരിതപ്പെടുത്തുകയോ ചെയ്യുന്നു എന്നതാണ്” എന്നാണ് ഞാൻ ഉപസംഹരിച്ചത്. പരിഷ്കാരങ്ങളുടെ സുവർണ്ണ മാനദണ്ഡത്തെക്കുറിച്ചു ഞാൻ ഡോ. പനഗരിയയെ ഓർമ്മപ്പെടുത്തുകയായിരുന്നു; അദ്ദേഹം വാദിച്ചതുപോലെ ഞാൻ “ഗോൾപോസ്റ്റ് മാറ്റിയിരുന്നില്ല.”

ആ വഴിതിരിച്ചുവിടലിനെ നേരിട്ട ശേഷം ഞാൻ ഡോ. പനഗരിയയുടെ പ്രധാന വാദത്തിലേക്കു തിരിയട്ടെ: ആരാണ് ഏറ്റവും കൂടുതൽ പരിഷ്കാരങ്ങൾ നടപ്പിലാക്കിയത്? “ഏറ്റവും” എന്ന വാക്ക് ശ്രദ്ധിക്കുക. ഡോ. പനഗരിയയുടെ അഭിപ്രായത്തിൽ പി. വി. നരസിംഹറാവു, എ. ബി. വാജ്‌പേയി എന്നിവരായിരുന്നു അതിന്റെ ചാമ്പ്യന്മാർ; ശ്രീ നരേന്ദ്ര മോദി ആ കൂട്ടത്തിൽപ്പെടുമ്പോൾ ഡോ. മൻ‌മോഹൻ സിംഗ് ഇല്ല. ഡോ. പനഗരിയയുടെ മാർഗദർശിയായ പ്രൊഫ. ജഗദീഷ് ഭഗവതി ഉൾപ്പെടെ ലോകത്തെ മിക്ക സാമ്പത്തിക വിദഗ്ദ്ധർക്കും ഞെട്ടലുണ്ടാക്കാവുന്നതാണ് ഈ നിഗമനം.

അതങ്ങനെയിരിക്കുമ്പോൾത്തന്നെ ഡോ. പനഗരിയ “ഏറ്റവും കൂടുതൽ” എന്ന പദം; ഒരു അളവുകോൽ എന്ന നിലയിൽ ഉപയോഗിച്ചിരിക്കുന്നതിനാൽ ഓരോ പ്രധാനമന്ത്രിയും നടപ്പിലാക്കിയ പരിഷ്കാരങ്ങൾ നമുക്കെണ്ണിത്തിട്ടപ്പെടുത്തേണ്ടി വരും. ഡോ. പനഗരിയ മോദിയുമായി ബന്ധപ്പെടുത്തിയ അഞ്ച് പരിഷ്കാരങ്ങൾ എന്റെ ശ്രദ്ധയിൽ വന്നിരുന്നു.

1 പാപ്പരത്തവും പാപ്പരത്ത കോഡും (ഇൻസോൾവൻസിയും ബാങ്കറപ്‌സി കോഡും)
2. കാർഷിക നിയമങ്ങൾ
3. തൊഴിൽ പരിഷ്കാരങ്ങൾ
4. മെഡിക്കൽ വിദ്യാഭ്യാസ പരിഷ്കരണം
5. എഫ്ഡിഐ ഉദാരവൽകരണം

ഏതോ കാരണങ്ങൾ കൊണ്ട് ഡോ. പനഗരിയ ജിഎസ്ടിക്ക് ഊന്നൽ നൽകാതിരിക്കുകയും വിനാശകരമായ നോട്ടുനിരോധനം മറയ്ക്കുകയും ചെയ്തു. പൂർണതയ്‌ക്കായി ഈ രണ്ടും കൂടെ ആ അഞ്ചിനോട് ചേർക്കണം. അങ്ങനെ ‘പരിഷ്കാരങ്ങൾ’ ഏഴ് ആകുന്നു.

ദേശീയ മെഡിക്കൽ കമ്മീഷൻ രൂപീകരിച്ച് ‘മെഡിക്കൽ വിദ്യാഭ്യാസം പരിഷ്കരിക്കുക’ എന്നത് ഒരു ‘പരിഷ്കാരമാണോ’ എന്നതിലേക്കും എഫ്ഡിഐ ആദ്യമായി കൊണ്ടുവന്നത് മോഡി ആണെന്ന രീതിയിൽ എഫ്ഡിഐ ഉദാരവൽക്കരണം മോഡിയുമായി മാത്രം ബന്ധപ്പെടുത്താവുന്നതാണോ എന്ന വാദത്തിലേക്കും ഞാൻ ഇപ്പോൾ കടക്കുന്നില്ല. ഓർക്കുക, ഈ ചെയ്യുന്നത് ഒരു അളവ് കണക്കാക്കലാണ്, ഗുണപരമായ ഒരു വിലയിരുത്തലല്ല. സ്കോർ ഏഴാണ്.

ഇനി ഞാൻ ഡോ. സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്തെ (2004-2014) പരിഷ്കാരങ്ങൾ എണ്ണിത്തിട്ടപ്പെടുത്തട്ടെ. നിങ്ങൾ ഈ ലിസ്റ്റ് വായിക്കുന്നതിന് മുമ്പ് നിരവധി മുന്നറിയിപ്പുകൾ ഉണ്ട്. അവയുടെ സ്വാഭാവിക വളർച്ച പൂർത്തിയാക്കിയ പല പരിഷ്കരണനടപടികളും ഞാൻ കണക്കിലെടുത്തിട്ടില്ല; ഉദാഹരണത്തിന്, വലിയ പിൻവലിക്കലുകളും പണ നിക്ഷേപങ്ങളും കണ്ടെത്തിയ ബാങ്കിംഗ് ക്യാഷ് ട്രാൻസാക്ഷൻ ടാക്സ് . ദേശീയ മാനുഫാക്ചറിംഗ് കോംപറ്റിറ്റീവ്‌നെസ് കൗൺസിൽ, ഇൻ‌വെസ്റ്റ്മെൻറ് കമ്മീഷൻ തുടങ്ങിയ വ്യക്തി-കേന്ദ്രീകൃതമായ പരിഷ്കരണ നടപടികളും ഞാൻ കണക്കിലെടുത്തിട്ടില്ല. ഇപ്പോൾ വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്ന, യുപി‌എ ആരംഭിച്ച ചില പരിഷ്കരണ നടപടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു പരിഷ്കരണ നടപടിയുടെ ദീർഘായുസ്സ്, സ്ഥിരത എന്നീ പരിശോധനകളാണ് ഞാൻ ഉപയോഗിച്ചത്.

ഡോ. പനഗരിയ നൽകിയ വളർച്ചാ നിരക്കുകൾ ഞാൻ അംഗീകരിക്കുന്നു: നരസിംഹറാവു 5.1 ശതമാനം, വാജ്‌പേയി 5.9, ഡോ. സിംഗ് 7.7, മോദി 6.8. കണക്കിന്റെ അടിസ്ഥാനത്തിൽ, ഡോ. സിങ്ങിന്റെ രണ്ട് അഞ്ചു-വർഷ കാലയളവുകളിലെ റെക്കോർഡ് മറ്റേതൊരു പ്രധാനമന്ത്രിയുടെയും റെക്കോർഡിനെക്കൽ മുകളിലാണ്. (ഡോ. സിങ്ങിനോട് നീതി പുലർത്തി സംസാരിക്കുമ്പോൾ, നരസിംഹറാവുവിന്റെ ഭരണകാലത്ത് നടപ്പിൽ വരുത്തിയ മൗലികമായ പല പരിഷ്കാരങ്ങളുടെയും കാരണക്കാരൻ ധനമന്ത്രിയെന്ന നിലയിൽ ഡോ. സിങ് ആയിരുന്നു).

2004-2014 കാലയളവിലെ പരിഷ്കാരങ്ങളുടെ വളരെ പരിമിതമായ ഒരു പട്ടിക താഴെക്കൊടുക്കുന്നു:

1. വാറ്റ്
2. എം‌ജി‌എൻ‌ആർ‌ജി‌എ
3. ആധാർ
4. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡയറക്റ്റ് ബെനഫിട് ട്രാൻസ്ഫർ, ഡി ബിടി)
5. ‘നോ ഫ്രിൽസ് ’ അഥവാ ‘സീറോ ബാലൻസ്’ ബാങ്ക് അക്കൗണ്ട്
6. പ്രാദേശിക ഗ്രാമീണ ബാങ്കുകളുടെ ഏകീകരണം
7. വിദ്യാഭ്യാസ അവകാശ നിയമം
8. ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ ; ആശ
9. ദേശീയ നഗര നവീകരണ മിഷൻ
10. ദേശീയ ഹോർട്ടികൾച്ചർ മിഷൻ
11. കാലാവസ്ഥ അടിസ്ഥാനമാക്കിയുള്ള വിള ഇൻഷുറൻസ്
12. എപി‌എം‌സിയുടെ മാതൃകാ നിയമം
13. ദേശീയ നൈപുണ്യ വികസന മിഷനും കോർപ്പറേഷനും
14. എല്ലാ ചരക്കുകൾക്കും സേവനങ്ങൾക്കും CENVAT
15.സെക്കുരിറ്റികളിലുള്ള ദീർഘകാല മൂലധന നേട്ടം ഇല്ലാതാക്കൽ
16. എസ്ടിടി കൊണ്ടുവരൽ
17. ചില്ലറ വ്യാപാരത്തിൽ എഫ്ഡിഐ
18. കൽക്കരി ഖനനത്തിൽ സ്വകാര്യ പങ്കാളിത്തം
19. പെട്രോളിനും ഡീസലിനുമുള്ള സബ്സിഡികൾ നിർത്തലാക്കൽ
20. ജൻഡർ ബജറ്റ്
21. സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ ഡീമ്യുച്ചലൈസേഷൻ
22. പി‌എഫ്‌ആർ‌ഡി‌എ നിയമം
23. കമ്പനി നിയമം
24. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം
25. ന്യായമായ നഷ്ടപരിഹാരത്തിനുള്ള അവകാശം (LARR) നിയമം
26. വനാവകാശ നിയമം

“ഞാൻ പരിഷ്കാരങ്ങൾ കൊണ്ടുവന്നു” എന്നത് സ്വയം മഹത്വവൽക്കരിക്കലാണ്; “എന്റെ പരിഷ്കാരങ്ങൾ വളർച്ച കൊണ്ടുവന്നു” എന്നത് ജനങ്ങൾക്കും പിൻതലമുറയ്ക്കും വേണ്ടിയുള്ളതാണ്. നിങ്ങൾ വിധികർത്താവാകുക.