ബിപിസിഎൽ വിൽപ്പനക്കെതിരെ റിഫൈനറി സംരക്ഷണ സമിതി; ഓഗസ്റ്റ് 5ന് മനുഷ്യ കവചം സംഘടിപ്പിക്കും

Jaihind Webdesk
Tuesday, August 3, 2021

കൊച്ചി : കേരളത്തിന്‍റെ വ്യവസായ വികസനത്തെ തകർക്കുന്ന ബിപിസിഎൽ വിൽപ്പനക്കെതിരെ റിഫൈനറി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് അഞ്ചിന് മനുഷ്യ കവചം സംഘടിപ്പിക്കും. എറണാകുളം ജില്ലയിലെ മുഴുവൻ രാഷ്ട്രീയ പാർട്ടികളുടെയും തൊഴിലാളി സംഘടനകളുടെയും സഹകരണത്തോടെയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

കേരളത്തിലെ ഏറ്റവും വലിയ കേന്ദ്ര പൊതുമേഖലാ നിക്ഷേപമായ കൊച്ചി റിഫൈനറിയടക്കം ഭാരത് പെട്രോളിയം കോർപ്പറേഷന്‍റെ 52.98% കേന്ദ്ര സർക്കാർ ഓഹരികൾ വിൽക്കാൻ ക്യാബിനറ്റ് കമ്മിറ്റി ഓൺ എക്കണോമിക്സ് അഫയേഴ്സ് 2019 നവംബർ 20നാണ് തീരുമാനിച്ചത്. കേന്ദ്ര സർക്കാർ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ ബിപിസിഎൽ വിൽപ്പന നടപടികളുമായി മുന്നോട്ട് പോവുകയാണ്. നിലവിൽ ഓഹരികൾ ഏറ്റെടുക്കാൻ താത്പര്യപത്രം നൽകിയ മൂന്ന് കമ്പനികൾക്കും എണ്ണ സംസ്കരണ മേഖലയിൽ യാതൊരു മുൻപരിചയവുമില്ല. ഈ കമ്പനികൾക്ക് ഓഹരികൾ നൽകിയാൽ അത് ബിപിസിഎല്ലിന്‍റെ തകർച്ചയുടെ തുടക്കമായിരിക്കുമെന്നും ഓഹരി വിൽപ്പനക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്നും റിഫൈനറി സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു.

ഓഗസ്റ്റ് അഞ്ചിന് വൈകുന്നേരം അഞ്ച് മണിക്ക് എറണാകുളം ജില്ലയിലെ കോർപ്പറേഷൻ, നഗരസഭകൾ, പഞ്ചായത്തുകൾ, വ്യവസായ കേന്ദ്രങ്ങൾ, തൊഴിൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മനുഷ്യ കവചം സംഘടിപ്പിക്കാനാണ് റിഫൈനറി സംരക്ഷണ സമിതി തീരുമാനിച്ചിട്ടുള്ളത്. മനുഷ്യകവചത്തിന്‍റെ തുടർച്ചയായി റിഫൈനറി പൊതു മേഖലയിൽ നിലനിർത്തണമെന്നാവശ്യപ്പെട്ട് ക്യാമ്പെയ്നുകൾ ആരംഭിക്കാനും മുഖ്യമന്ത്രി കേന്ദ്ര പെട്രോളിയം മന്ത്രി എന്നിവർക്ക് നിവേദനം നൽകാനും സംരക്ഷണ സമിതി തീരുമാനിച്ചിട്ടുണ്ട്. ബെന്നി ബെഹന്നാൻ എം.പി ചെയർമാനായും മുൻ എം.പി കെ ചന്ദ്രൻ പിള്ള ജനറൽ കൺവീനറുമായാണ് റിഫൈനറി സംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്.