ചുവപ്പ് നരച്ച് കാവിയാകുന്നു! ആലപ്പുഴയില്‍ സിപിഎം വനിതാ നേതാവിന്റെ ഭര്‍ത്താവ് ബിജെപിയില്‍ ചേര്‍ന്നു

Jaihind Webdesk
Wednesday, September 18, 2024

ആലപ്പുഴ: ആലപ്പുള തകഴിയില്‍ സിപിഎം വനിതാ നേതാവിന്റെ ഭര്‍ത്താവ് ബിജെപിയില്‍ ചേര്‍ന്നു. തകഴി പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം നേതാവുമായ അംബിക ഷിബുവിന്റെ ഭര്‍ത്താവ് ടിവി ഷിബുവാണ് ബിജെപിയില്‍ ചേര്‍ന്നത്. നേരത്തെ സിപിഎം അനുഭാവിയായിരുന്ന ഷിബു ഓണ്‍ലൈന്‍ വഴിയാണ് ബിജെപിയില്‍ അംഗത്വം എടുത്തത്.

സിപിഎം തകഴി ഏരിയ കമ്മിറ്റി അംഗവും ജനാധിപത്യ മഹിള അസോസിയേഷന്‍ തകഴി ഏരിയ സെക്രട്ടറിയുമാണ് അംബിക ഷിബു. പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡണ്ടും തമ്മില്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ ചേരിതിരിഞ്ഞ് വാക്കേറ്റം തുടരുന്നതിനിടയാണ് വൈസ് പ്രസിഡന്റിന്റെ ഭര്‍ത്താവ് ബിജെപിയില്‍ അംഗത്വം എടുത്തത്.

ആലപ്പുഴ സിപിഎമ്മില്‍ നേരത്തെ തന്നെ ചേരിപ്പോരും, കൊഴിഞ്ഞുപോക്കും ശക്തമായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ സിപിഎം നേതാവ് ബിജെപിയിലേക്ക് ചേക്കേറുന്നത്. എഡിജിപി എം.ആര്‍ അജിത്കുമാറിന്റെ ആര്‍എസ്എസ് കൂടിക്കാഴ്ചയും, സിപിഎം ബിജെപി ബന്ധവുമെല്ലാം സജീവചര്‍ച്ചയാകുന്ന വേളയിലാണ് നേതാക്കന്മാരുടെ ബിജെപിയിലേക്കുള്ള കൂറുമാറ്റം.