ചെങ്കോട്ട സ്‌ഫോടനം: ഭീകരന്‍ ഉമര്‍ നബിക്ക് അല്‍ഖ്വയ്ദയടക്കമുള്ള ഗ്രൂപ്പുകളുമായി ബന്ധം; ഐഎസ്ഐ ഏജന്റുമായി ഇടപെടല്‍

Jaihind News Bureau
Sunday, November 23, 2025

 

ന്യൂഡല്‍ഹി: ചെങ്കോട്ട സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ ഭീകരന്‍ ഉമര്‍ നബി മറ്റ് തീവ്രവാദ ഗ്രൂപ്പുകളുമായും ബന്ധം പുലര്‍ത്തിയിരുന്നതായി എന്‍ഐഎ. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ട് പാക് ചാരസംഘടനയുമായും ഇയാള്‍ ഇടപെടല്‍ നടത്തിയെന്നാണ് പുതിയ കണ്ടെത്തല്‍. അല്‍ ഖ്വയ്ദ ഉള്‍പ്പെടെയുള്ള ഗ്രൂപ്പുകളുമായി ഉമര്‍ കശ്മീരില്‍ ചര്‍ച്ച നടത്തിയതായും എന്‍ഐഎ സ്ഥിരീകരിച്ചു.

ഭീകരസംഘവുമായി ബന്ധപ്പെട്ട കണ്ണികള്‍ പാക്കിസ്ഥാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും നീളുകയാണ്. വൈറ്റ് കോളര്‍ ഭീകര സംഘത്തെ നിയന്ത്രിക്കുന്നത് മൂന്നു പേരാണെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. പ്രതികളുടെ മൊബൈല്‍ അടക്കമുള്ള ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ പരിശോധിച്ചതോടെയാണ് ഇതിനായുള്ള നിര്‍ണായക തെളിവുകള്‍ ലഭിച്ചത്.

ഫൈസല്‍ ബട്ട്, ഹാഷിം, ഉഗാസ എന്നിങ്ങനെ മൂന്നു പേരുമായിട്ടാണ് ഈ സംഘം ഇടപെടല്‍ നടത്തിയത്. ഇതില്‍ ഫൈസല്‍ ബട്ടാണ് ഐഎസ്ഐ ഏജന്റ് എന്ന് സംശയിക്കുന്നത്. ഉഗാസ നിലവില്‍ അഫ്ഗാനിസ്ഥാനിലാണെന്നും അന്വേഷണ ഏജന്‍സി കണ്ടെത്തി. എന്നാല്‍ ഹാഷിമിനെ സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടില്ല.
കശ്മീരിലെ ഖ്വാസിഗുണ്ടില്‍ വെച്ച് ഒക്ടോബര്‍ 18-നാണ് ഉമര്‍ നബി മറ്റ് ഗ്രൂപ്പുകളുമായി ചര്‍ച്ച നടത്തിയത്. അന്‍സര്‍ ഗസ്വതുല്‍ ഹിന്ദ് എന്ന പേരിലാണ് ഈ ആക്രമണ ഗ്രൂപ്പ് സ്വയം വിശേഷിപ്പിച്ചിരുന്നത്.

അറസ്റ്റിലായ മറ്റൊരു പ്രതിയായ മുസമ്മില്‍ നല്‍കിയ മൊഴിപ്രകാരം, ഫരീദാബാദ് ഭീകരസംഘത്തിലെ മറ്റ് അംഗങ്ങളുമായി പ്രത്യയശാസ്ത്രം, സാമ്പത്തിക സ്രോതസ്സുകള്‍, ആക്രമണം നടപ്പിലാക്കേണ്ട രീതി എന്നിവ സംബന്ധിച്ച് ഉമര്‍ നബിക്ക് തര്‍ക്കമുണ്ടായിരുന്നു. ഇതിനിടെ, സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇലക്ട്രീഷ്യനായ പുല്‍വാമ സ്വദേശി തുഫൈല്‍ നിയാസ് ഭട്ടിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു.