
ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് ഡോക്ടര്‍മാര്‍ അറസ്റ്റിലായതിന് പിന്നാലെ, നിരീക്ഷണം ശകതിപ്പെടുത്തി. ഡല്‍ഹി സ്ഫോടനത്തിന് ഉപയോഗിച്ച i20 കാറിന് പുറമെ, ഈ സംഘാംഗങ്ങള്‍ ഡല്‍ഹിയില്‍ നിന്ന് രണ്ട് കാറുകള്‍ കൂടി വാങ്ങിയിട്ടുണ്ടെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. .ഒരു ചുവന്ന ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട് കാറും (രജിസ്ട്രേഷന് നമ്പര്‍: DL10CK0458) ഭീകരര്‍ ഉപയോഗിച്ചതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ പോലീസ് സംഘങ്ങള്‍ തിരച്ചില്‍ തുടരുകയാണ്.

നവംബര്‍ 22, 2017-ന് രാജ്പുരി ഗാര്ഡന് RTOയില്‍ ഉമര്‍ ഉന്‍ നബി എന്നയാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ഈ ചുവന്ന ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട് കാറിനായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. കാറിന്റെ രണ്ടാമത്തെ ഉടമയായിരുന്നു ഉമര്‍. പട്രോളിംഗിലുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥരോടും ജാഗ്രത പാലിക്കാനും സംശയാസ്പദമായ വാഹനങ്ങള്‍ കണ്ടാല്‍ ഉടനടി അധികാരികളെ അറിയിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം ഡല്‍ഹിയിലെ ചെങ്കോട്ട മേഖലയിലുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് രാജ്യതലസ്ഥാനം ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ അതീവ ജാഗ്രത തുടരുകയാണ്. സ്ഫോടനം നടത്തിയ ഡോക്ടര്‍ ഉമറും, ഫരീദാബാദില്‍ നിന്ന് 2900 കിലോ സ്ഫോടക വസ്തുക്കളുമായി നേരത്തെ അറസ്റ്റിലായ ഡോക്ടര്‍മാരായ മുസമ്മില്‍, ഷഹീന് എന്നിവരും 9-10 അംഗ ഭീകര ലോജിസ്റ്റിക് ശൃംഖലയുടെ ഭാഗമാണെന്ന് റിപ്പോര്‍ട്ട്. ഈ ശൃംഖലയില്‍ അഞ്ചോ ആറോ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്നതായി പറയപ്പെടുന്നു. തങ്ങളുടെ പ്രൊഫഷണല്‍ പദവി ദുരുപയോഗം ചെയ്ത് സ്ഫോടക വസ്തുക്കള്‍ ശേഖരിക്കുകയും നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇവര്‍ക്കെതിരെ ആരോപിക്കപ്പെടുന്നു. അറസ്റ്റിലായവരുടെയും കസ്റ്റഡിയിലുള്ളവരുടെയും ആധാര്‍, ഡ്രൈവിംഗ് ലൈസന്‍സ് വിവരങ്ങള്‍, കോള്‍ ലോഗുകള്‍, വാട്ട്സ്ആപ്പ്, ടെലിഗ്രാം ചാറ്റുകള്‍, യാത്രാ വിവരങ്ങള്‍ എന്നിവ പോലീസ് പരിശോധിച്ചുവരികയാണ്. ആമിറിന്റെ സഹോദരന് ഉമര്‍ റാഷിദ് (30), താരിഖ് മാലിക് എന്നിവരെയും ചോദ്യം ചെയ്യുന്നുണ്ട്.