രാത്രിയിൽ റീകൗണ്ടിംഗ്; പോസ്റ്റല്‍ വോട്ടുകള്‍ വീണ്ടുമെണ്ണിയിട്ടും ഫലം മാറിയില്ല, വിജയം അടൂർ പ്രകാശിന്

Wednesday, June 5, 2024

 

തിരുവനന്തപുരം: ആറ്റിങ്ങൽ മണ്ഡലത്തിൽ റീകൗണ്ടിംഗ് നടത്തിയെങ്കിലും വിജയം അടൂർ പ്രകാശിന്. പോസ്റ്റൽ അസാധു വോട്ടുകൾ അടക്കം എണ്ണണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് പരാതി നൽകിയതിനെ തുടർന്നായിരുന്നു റീ കൗണ്ടിംഗ്.  പതിനാറായിരത്തോളം വോട്ടുകൾ എണ്ണണം എന്ന് ആവശ്യപ്പെട്ടാണ് ഇടതുമുന്നണി പരാതി നൽകിയത്. അർദ്ധരാത്രി വരെ നീണ്ട നാടകീയത നിറഞ്ഞ റീക്കൗണ്ടിങ്ങിനു ശേഷവും വിജയം അടൂർ പ്രകാശിന് തന്നെ.

തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗ നിർദേശ പ്രകാരമുള്ള, നിരസിക്കപ്പെട്ട പോസ്റ്റൽ ബാലറ്റുകളുടെ പുന:പരിശോധന നടത്തിയ ശേഷം പ്രഖ്യാപിച്ച ഫലം അനുസരിച്ച് 684 വോട്ടുകളുടെ ഭൂരിപക്ഷമാണ് അടൂർ പ്രകാശിന് ലഭിച്ചിരിക്കുന്നത്. അടൂർ പ്രകാശിന് – 3,28,051 വോട്ടും അഡ്വ.വി.ജോയ്ക്ക് 3,27,367 വോട്ടും വി.മുരളീധരന് – 3,11,779 വോട്ടും ലഭിച്ചു.

മൂന്നു മുന്നണികളും 3 ലക്ഷത്തിന് മുകളിൽ വോട്ടുകൾ നേടി ഇഞ്ചോടിഞ്ച് മത്സരം കാഴ്ചവെച്ച മണ്ഡലമാണ് ആറ്റിങ്ങൽ. എൽഡിഎഫിന്‍റെ  വി. ജോയിയും എൻഡിഎ സ്ഥാനാർത്ഥിയായി കേന്ദ്രമന്ത്രി കൂടിയായ വി. മുരളീധരനുമാണ് രംഗത്തിറങ്ങിയത്. കേരളത്തിലെ ഏറ്റവും മികച്ച ത്രികോണ മത്സരം നടന്ന ആറ്റിങ്ങൽ മണ്ഡലത്തില്‍ അവസാന നിമിഷം വരെ ആർക്കാണ് വിജയമെന്നത് പ്രവചനാതീതമായിരുന്നു.