MITCHELL STARC| റെക്കോര്‍ഡോ, സാങ്കേതിക തകരാറോ? സ്റ്റാര്‍ക്കിന്‍റെ പന്തിന്‍റെ വേഗം 176.5 കിലോമീറ്റര്‍; ആദ്യ പന്തില്‍ ഞെട്ടി സൈബര്‍ ലോകം

Jaihind News Bureau
Sunday, October 19, 2025

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ ആദ്യ പന്ത് റെക്കോര്‍ഡിട്ട് ഓസീസ് താരം മിച്ചല്‍ സ്റ്റാര്‍ക്ക്. മത്സരത്തില്‍ രോഹിത് ശര്‍മ നേരിട്ട ആദ്യ പന്ത് തന്നെ 176.5 കിലോമീറ്റര്‍ വേഗതയില്‍ എറിഞ്ഞതാണ് റെക്കോര്‍ഡ്. മുന്‍ പാകിസ്ഥാന്‍ പേസര്‍ ഷോയിബ് അക്തറിനെയാണ് താരം മറികടന്നത്. അതേസമയം, ഐസിസി ഇതുവരെ ഓദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

പെര്‍ത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ഏകദിന മത്സരമാണ് ഞായറാഴ്ച നടന്നത്. മത്സരത്തിന്റെ ആദ്യ പന്തില്‍ തന്നെ 176.5 കിലോമീറ്റര്‍ വേഗതയില്‍ എറിഞ്ഞ് കാഴ്ചക്കാരെ ഞെട്ടിച്ചിരിക്കുകയാണ് മിച്ചല്‍ സ്റ്റാര്‍ക്ക്.

ഇതോടെ മുന്‍ പാകിസ്ഥാന്‍ പേസര്‍ ഷോയിബ് അക്തറിന്റെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ പന്ത് 161.3 കിലോമീറ്റര്‍ വേഗതയില്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡാണ് മറികടന്നത്. 2003 ലോകകപ്പിനിടെയാണ് അക്തര്‍ ഇംഗ്ലണ്ടിന്റെ നിക്ക് നൈറ്റിന് ബുള്ളറ്റ് പോലുള്ള ഈ പന്ത് എറിഞ്ഞത്.

അതേസമയം, ഇത് സ്പീഡ് ഗണ്ണിന്റെ സാങ്കേതിക തകരാറാണെന്നും മറ്റൊരു അഭിപ്രായമുണ്ട്. ഇതുവരെ ഐസിസി വിഷയത്തില്‍ പ്രതികരിക്കുകയോ റെക്കോര്‍ഡിന്റെ ഓദ്യോഗിക സ്ഥിരീകരണം നല്‍കുകയോ ചെയ്തിട്ടില്ല.