വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെതിരെ വീണ്ടും പൊലീസ് നടപടിക്ക് ശുപാർശ

Jaihind Webdesk
Friday, August 26, 2022

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് മട്ടന്നൂർ നിയോജക മണ്ഡലം പ്രസിഡന്‍റ് ഫർസീൻ മജീദിനെതിരെ വീണ്ടും പൊലീസ് നടപടിക്ക് ശുപാർശ. നല്ല നടപ്പിന് ശുപാർശ ചെയ്യുന്നതിനായി മട്ടന്നൂർ ഇൻസ്പെക്ടർ കൂത്തുപറമ്പ് എസിപിക്ക് റിപ്പോർട്ട് നൽകി. 2 വർഷത്തേക്ക് കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കാനുള്ള മുൻകരുതൽ നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്. സിആർപിസി 107 പ്രകാരമാണ് നടപടി. ഇതുസംബന്ധിച്ച് മജിസ്ട്രേറ്റ് കോടതിയിലേക്ക് പൊലീസ് ഉടൻ റിപ്പോർട്ട് നൽകും. മുൻപ് കാപ്പ ചുമത്തുന്നതിന് മുന്നോടിയായാണ് നല്ല നടപ്പിന് പൊലീസ് ശുപാർശ ചെയ്തിരുന്നത്. ഫർസീൻ മജീദിന് നേരെ കാപ്പ ചുമത്താനുള്ള പൊലീസ് നീക്കത്തിൽ നേരത്തെ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച ഫർസീൻ മജീദിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത് ഒരു എസ്പിയുടെ നേതൃത്വത്തിൽ  അന്വേഷണം തുടരുന്നതിനിടെയായിരുന്നു പൊലീസിന്‍റെ കാപ്പ നീക്കം.