കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ ഇടപെടല്‍ ; ബിടെക് പരീക്ഷ ഓണ്‍ലൈനായി നടത്താന്‍ നിർദ്ദേശം

Jaihind Webdesk
Monday, July 12, 2021

തിരുവനന്തപുരം : ബിടെക് പരീക്ഷ ഓണ്‍ലൈനായി നടത്തണമെന്ന് സാങ്കേതിക സര്‍വകലാശാലയോട് എഐസിടിഇ. കൊടിക്കുന്നില്‍ സുരേഷ് എം.പി നല്‍കിയ പരാതിയിലാണ് ഇടപെടല്‍. പരീക്ഷ ഓഫ്‌ലൈനായി നടത്തുന്നത് സുരക്ഷിതമല്ലെന്നും എഐസിടിഇ. പരീക്ഷ മറ്റന്നാള്‍ തുടങ്ങാനിരിക്കെയാണ് എഐസിടിഇ നിര്‍ദേശം.

വിദ്യാർത്ഥികൾക്ക് വാക്‌സിൻ ലഭിക്കാത്തതിനാൽ ഒരു ഡോസ് പോലും എടുക്കാനാവാത്ത സ്ഥിതിയുള്ളതും, പൊതുയാത്രാ സൗകര്യങ്ങൾ പരിമിതമായ കണ്ടയിന്‍മെന്‍റ്  സോണുകളിൽ ഉള്ള വിദ്യാർത്ഥികൾക്കു പരീക്ഷ കേന്ദ്രങ്ങളിൽ എത്താനുള്ള ബുദ്ധിമുട്ടുകളും, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കേസ് ലോഡും കുറയാത്തതും കൊണ്ട് സാധാരണനിലയിൽ എത്തിച്ചേരാത്ത ജില്ലകളും പ്രദേശങ്ങളും കേരളത്തിൽ അധികമായി ഉള്ളതും ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി തന്നെ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ കത്തിൽ പ്രതിപാദിച്ചിരുന്നു.

അതേസമയം പരീക്ഷകള്‍ മാറ്റില്ലെന്ന് സാങ്കേതിക സര്‍വകലാശാല (കെടിയു) അറിയിച്ചു. പരീക്ഷകള്‍ ഓണ്‍ലൈന്‍ ആക്കുന്നത് പരിഗണിക്കണമെന്നു മാത്രമാണ് എ.ഐ.സി.ടി.ഇ നിര്‍ദേശം. ഓഫ്‍ലൈന്‍ പരീക്ഷകള്‍ മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്നും വിലയിരുത്തല്‍.