ശശിയുടെ പെരുമാറ്റം മാതൃകാപരം ; ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ ശുപാർശ

ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്‍റെ പീഡന പരാതിയിൽ സസ്‌പെൻഷൻ കലാവധി കഴിഞ്ഞ പി.കെ ശശി എം.എൽ.എയെ പാലക്കാട് ജില്ലാ കമ്മിറ്റിയിൽ ഉൾപെടുത്തണമെന്ന് ജില്ലാ കമ്മിറ്റിയുടെ ശുപാർശ. ജില്ലാ കമ്മിറ്റി ശുപാർശയിൻമേൽ സംസ്ഥാന കമ്മിറ്റി അന്തിമ തീരുമാനം എടുക്കും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിൽ 14 പേർ മാത്രമാണ് തീരുമാനത്തെ എതിർത്തത്.

ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്‍റെ ലൈംഗിക പീഡന പരാതിയിലാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന പി.കെ ശശിയെ പാർട്ടിയിൽ നിന്നും 6 മാസത്തേക്ക്‌ സസ്പെന്‍ഡ് ചെയ്തത്. സസ്‌പെൻഷൻ കാലാവധി അവസാനിച്ചിട്ടും ശശിയെ കമ്മിറ്റികളിലൊന്നിലും ഉൾപ്പെടുത്തിയിരുന്നില്ല. പി.കെ ശശിയെ ജില്ലാ കമ്മിറ്റിയിൽ തന്നെ ഉൾപ്പെടുത്തണമെന്ന് ഭൂരിപക്ഷം അഗങ്ങളും കമ്മിറ്റിയിൽ അഭിപ്രായപ്പെട്ടു. ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രൻ റിപ്പോർട്ട് ചെയ്ത തീരുമാനത്തെ എതിർക്കാൻ 42 പേരിൽ 14 പേർ മാത്രമാണുണ്ടായിരുന്നത്. എന്നാൽ ഭൂരിപക്ഷം പേരും ശശിയുടെ ജില്ലാ കമ്മറ്റിയിലേക്കുള്ള മടങ്ങിവരവിനെ സ്വാഗതം ചെയ്തു. സസ്‌പെൻഷൻ കാലയളവിൽ ശശി മാതൃകാപരമായാണ് പെരുമാറിയതെന്ന് ജില്ലാ കമ്മിറ്റിയിൽ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടു.

ജില്ലാ കമ്മിറ്റിയുടെ ശുപാർശ സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്ത് തീരുമാനം എടുക്കും. അടുത്ത സംസ്ഥാന കമ്മിറ്റിയിൽ തന്നെ തീരുമാനം ഉണ്ടാകാനാണ് സാധ്യത. പാലക്കാട്ടെ വിവിധ ഏരിയ സമ്മേളനങ്ങളിൽ വിഭാഗീയ നടന്നതായി സംസ്ഥാന കമ്മിറ്റി കണ്ടെത്തി. വിഭാഗീയത നടന്ന സമ്മേളനങ്ങളിൽ വോട്ടെടുപ്പിൽ പരാജയപ്പെട്ടവരെ കമ്മിറ്റിയിലേക്ക് തിരിച്ചെടുക്കാനും ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു. സംസ്ഥാന കമ്മിറ്റിയുടെ തിരുത്തൽ രേഖ ജില്ലാ കമ്മിറ്റിയിൽ കോടിയേരി ബാലകൃഷ്ണൻ റിപ്പോർട്ട് ചെയ്തു. ഇതിൻമേലുള്ള മേഖലാ റിപ്പോർട്ടിംഗ് നാളെ മുതൽ പാലക്കാട് തുടങ്ങും. കോടിയേരി എത്തുന്ന റിപ്പോർട്ടിംഗില്‍ ലോക്കൽ കമ്മറ്റി അംഗങ്ങൾ വരെയുള്ളവരാണ് പങ്കെടുക്കുക.

p.k sasi
Comments (0)
Add Comment