റീബില്‍ഡ് കേരളയ്ക്കായി സൗജന്യസേവനം വാഗ്ദാനം ചെയ്ത കെ.പി.എം.ജിക്ക് കോടികളുടെ കരാര്‍; കൊവിഡ് കാലത്തെ മറ്റൊരു അഴിമതിയെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, June 25, 2020

തിരുവനന്തപുരം: കൊവിഡിന്റെ മറവില്‍ വീണ്ടും അഴിമതിക്കൊരുങ്ങി സര്‍ക്കാര്‍.  റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്‍റെ കണ്‍സള്‍ട്ടന്‍സിക്കായി കെ.പി.എം.ജി എന്ന കമ്പനിക്ക് 6,82,68,402 രൂപയുടെ കരാര്‍  നല്‍കിയിരിക്കുകയാണ് സർക്കാർ. വിവിധ രാജ്യങ്ങള്‍ കരിമ്പട്ടികയില്‍പ്പെടുത്തിയിരിക്കുന്ന കമ്പനിയാണ് കെ.പി.എം.ജി.  2018-ലെ പ്രളയ കാലത്ത് സൗജന്യമായി കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കാമെന്ന വാഗ്ദാനവുമായി   രംഗത്തെത്തിയ കെപിഎംജി ആറ് മാസങ്ങള്‍ക്ക് ശേഷം പദ്ധതിയില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. അതേ കമ്പനിക്ക് തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ വന്‍ തുകയ്ക്ക് കണ്‍സള്‍ട്ടന്‍സി കരാ‍ർ നല്‍കിയിരിക്കുന്നത്.

അതേസമയം സര്‍ക്കാർ നടപടിക്കെതിരെ  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. കൊവിഡ് കാലത്തെ മറ്റൊരു അഴിമതിയാണിതെന്ന് അദ്ദേഹം പറഞ്ഞു. പ്രളയം കഴിഞ്ഞ് രണ്ട് വര്‍ഷമായിട്ടും പുനര്‍നിര്‍മ്മാണത്തിനായി ഒരു കല്ലെടുത്തു വയ്ക്കാന്‍ പോലും കഴിയാത്ത സംസ്ഥാന സര്‍ക്കാര്‍  കൊവിഡ് കാലത്ത് കരാര്‍ നല്‍കിയത് അഴിമതി ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇനി സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന കാലാവധി ആറു മാസം പോലുമില്ല. പക്ഷേ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയിരിക്കുന്നത് 24 മാസത്തേക്കാണ്. അതായത് പോകുന്ന പോക്കില്‍ കണ്‍ട്ടന്‍സി നല്‍കി കമ്മീഷന്‍ അടിക്കുകയാണ് ലക്ഷ്യം. 17-06-20 ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ഐറ്റം നമ്പര്‍ 4038 ആയി ഇതിന് അംഗീകാരം നല്‍കി. നികുതി കഴിച്ചുള്ള തുകയാണ് 6,82,68,402 രൂപ. നികുതി കൂടി ചേരുമ്പോള്‍ 8 കോടിയോളം രൂപ വരും.

24 മാസം കഴിഞ്ഞ് അടുത്ത സര്‍ക്കാരിനാണ് കെ.പി.എം.ജി റീബില്‍ഡ് കേരളയക്കുള്ള രൂപരേഖയും പദ്ധതികളുടെ വിശദാംശവും നല്‍കേണ്ടത്. രണ്ടു വര്‍ഷമായി ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ ഇപ്പോള്‍ തങ്ങള്‍ക്ക് വേണ്ടപ്പെട്ട കെ.പി.എം.ജിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കുന്നത് അഴിമതിക്കാണ്. 2018 ലെ പ്രളയം കഴിഞ്ഞ ഉടന്‍ കെ.പി.എം.ജിക്കായിരുന്നു ടെണ്ടര്‍ പോലും വിളിക്കാതെ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത്. അന്നവര്‍ സൗജന്യമായി ജോലി ചെയ്യുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പക്ഷേ അന്നേ പ്രതിപക്ഷം അതില്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

പ്രതിപക്ഷം ഉന്നയിച്ച സംശയം പിന്നീട് ശരിയായി വന്നു. ആറു മാസം കഴിഞ്ഞ് കെ.പി.എം.ജി പണി ഉപേക്ഷിച്ചു പോയി. റീബില്‍ഡ് കേരള താളം തെറ്റിയതിന് ഒരു കാരണവും അതായിരുന്നു. ഇപ്പോള്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി അതേ കെ.പി.എം.ജിക്ക് തന്നെ കരാര്‍ നല്‍കിയിരിക്കുകയാണ്. ആദ്യം നിബന്ധനകളൊന്നും പാലിക്കാതെ സൗജന്യമെന്ന് പറഞ്ഞ് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കുക, പിന്നീട് അവരത് ഉപേക്ഷിച്ച് പോവുക, തുടര്‍ന്ന് വലിയ തുകയ്ക്ക് അവര്‍ക്ക് തന്നെ കരാര്‍ നല്‍കുക. ഈ വസ്തുതകള്‍ ഈ ഇടപാടിലെ ദുരൂഹതിയലേക്ക് വിരല്‍ ചൂണ്ടുന്നു.’-രമേശ് ചെന്നിത്തല പ്രസ്താവനയില്‍ കുറിച്ചു.

രമേശ് ചെന്നിത്തലയുടെ പ്രസ്താവനയുടെ പൂര്‍ണരൂപം

പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ  പുനര്‍നിര്‍മ്മാണ സംരംഭമായ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ കണ്‍സള്‍ട്ടന്‍സിക്കായി  കെ.പി.എം.ജി എന്ന കമ്പനിക്ക്  6,82,68,402 രൂപയുടെ കരാര്‍ നല്‍കിയത് കോവിഡ് കാലത്തെ മറ്റൊരു അഴിമതിയാണെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

2018 ലെ പ്രളയം കഴിഞ്ഞിട്ട് ഇപ്പോള്‍ രണ്ടു വര്‍ഷമായിട്ടും കേരളത്തിന്റെ  പുനര്‍നിര്‍മ്മാണത്തിനായി ഒരു കല്ലെടുത്തു വയ്ക്കാന്‍ പോലും കഴിയാത്ത സംസ്ഥാന സര്‍ക്കാര്‍ ഈ കോവിഡ് കാലത്ത് കരാര്‍ നല്‍കിയത് അഴിമതി ലക്ഷ്യത്തോടെയാണ്.  ഇനി സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന കാലാവധി ആറു മാസം പോലുമില്ല. പക്ഷേ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയിരിക്കുന്നത് 24 മാസത്തേക്കാണ്. അതായത് പോകുന്ന പോക്കില്‍ കണ്‍ട്ടന്‍സി നല്‍കി കമ്മീഷന്‍ അടിക്കുകയാണ് ലക്ഷ്യം. 17-06-20 ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ഐറ്റം നമ്പര്‍ 4038 ആയി ഇതിന് അംഗീകാരം നല്‍കി. നികുതി കഴിച്ചുള്ള തുകയാണ് 6,82,68,402 രൂപ. നികുതി കൂടി ചേരുമ്പോള്‍ 8 കോടിയോളം രൂപ വരും.
24 മാസം കഴിഞ്ഞ് അടുത്ത സര്‍ക്കാരിനാണ് കെ.പി.എം.ജി റീബില്‍ഡ് കേരളയക്കുള്ള  രൂപരേഖയും പദ്ധതികളുടെ വിശദാംശവും നല്‍കേണ്ടത്. രണ്ടു വര്‍ഷമായി ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ ഇപ്പോള്‍ തങ്ങള്‍ക്ക് വേണ്ടപ്പെട്ട കെ.പി.എം.ജിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കുന്നത് അഴിമതിക്കാണ്.

2018 ലെ പ്രളയം കഴിഞ്ഞ ഉടന്‍ കെ.പി.എം.ജിക്കായിരുന്നു ടെണ്ടര്‍ പോലും വിളിക്കാതെ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത്. അന്നവര്‍ സൗജന്യമായി ജോലി ചെയ്യുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പക്ഷേ  അന്നേ പ്രതിപക്ഷം അതില്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

പ്രതിപക്ഷം ഉന്നയിച്ച സംശയം പിന്നീട് ശരിയായി വന്നു. ആറു മാസം കഴിഞ്ഞ് കെ.പി.എം.ജി പണി ഉപേക്ഷിച്ചു പോയി. റീബില്‍ഡ് കേരള താളം തെറ്റിയതിന് ഒരു കാരണവും അതായിരുന്നു. ഇപ്പോള്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി അതേ കെ.പി.എം.ജിക്ക് തന്നെ കരാര്‍ നല്‍കിയിരിക്കുകയാണ്.

ആദ്യം നിബന്ധനകളൊന്നും പാലിക്കാതെ സൗജന്യമെന്ന് പറഞ്ഞ് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കുക, പിന്നീട് അവരത് ഉപേക്ഷിച്ച് പോവുക, തുടര്‍ന്ന് വലിയ തുകയ്ക്ക് അവര്‍ക്ക് തന്നെ കരാര്‍ നല്‍കുക. ഈ വസ്തുതകള്‍ ഈ ഇടപാടിലെ ദുരൂഹതിയലേക്ക് വിരല്‍ ചൂണ്ടുന്നു.

രണ്ടു വര്‍ഷം ഒന്നും ചെയ്യാതിരുന്ന സര്‍ക്കാര്‍ എന്തിന് കാലാവധി തീരാറായപ്പോള്‍ രണ്ടു വര്‍ഷത്തേക്ക് കരാര്‍ നല്‍കി എന്നതാണ് ചോദ്യം. കമ്മീഷന്‍ അടിക്കാതെ വേറെന്ത്  റീബില്‍ഡാണ് ഈ സര്‍ക്കാരിന് ഇനി ചെയ്യാന്‍ കഴിയുക?

കഴിഞ്ഞ രണ്ടു വര്‍ഷവും പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ ചര്‍ച്ച നടത്തിയെന്നല്ലാതെ  പ്രളയത്തില്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒന്നും നല്‍കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞില്ല. കടം കയറി 25 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതാണ് ആകെ ഫലം. പോയവര്‍ക്ക് പോയി. രണ്ടാമത്തെ പ്രളയത്തില്‍ ജീവനും സ്വത്തും നഷ്ടപ്പെട്ടവര്‍ക്കും  സര്‍ക്കാരിന് ഒരു സഹായവും ചെയ്യാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ കണ്‍സള്‍ട്ടന്‍സി എന്ന് പറഞ്ഞ് 8 കോടി കൂടി തുലയ്ക്കാന്‍ പോകുന്നു.

കെ.പി.എം.ജിക്ക് ഇപ്പോഴാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതെങ്കിലും 2020 ജനുവരി 20 ന് സംസ്ഥാന മന്ത്രിസഭ റീബില്‍ഡ്  കേരളയ്ക്കായി 1805 കോടിയുടെ പദ്ധതി അംഗീകിരിച്ചിരുന്നു. വില്ലേജ് ഓഫീസുകളുടെ അറ്റ കുറ്റപ്പണിയും പ്രാദേശിക റോഡുകളുടെ പുനരുദ്ധാരണവും മറ്റുമായിരുന്നു അത്. ആ പണികള്‍ പോലും ഇനിയും തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഈ സര്‍ക്കാരിന്റെ കാലത്ത് ആ ചില്ലറ പണികള്‍ പോലും തുടങ്ങാന്‍ കഴിയുമെന്ന് തോന്നുന്നുമില്ല. അപ്പോഴാണ് പുതിയ കണ്‍സള്‍ട്ടന്‍സി നല്‍കിയിരിക്കുന്നത്. കോവിഡ് കാലത്ത് വന്‍ സാമ്പത്തിക പ്രതിസന്ധിയെന്ന് വിലപിക്കുന്ന സര്‍ക്കാര്‍ തന്നെ കമ്മീഷന്‍ തട്ടാന്‍ വേണ്ടി ഇത്തരം ധൂര്‍ത്തുകള്‍ നടത്തുന്നത് അപലനീയമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.