ഇടുക്കിയിലെ കര്‍ഷകര്‍ക്കായി ‘റീബില്‍ഡ് കേരള 2021’ എന്ന പദ്ധതിയുമായി മണര്‍കാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (മാസ്) എര്‍ത്ത് ബില്‍ഡേഴ്സ്. പദ്ധതിക്ക് നവംബര്‍ 26ന് തുടക്കമാകും. രണ്ടു ലക്ഷം സുഗന്ധവിളകളുടെ തൈകളാണ് പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നൂറ് മാതൃകാ ജൈവകര്‍ഷക പ്രതിനിധികളും കോളേജ്-സ്കൂള്‍ വിദ്യാര്‍ഥികളും സംയുക്തമായാണ് ഉദ്ഘാടനകര്‍മം നിര്‍വഹിക്കുന്നത്. മാസിന്‍റെ മാതൃകാ തോട്ടത്തിലും കര്‍ഷകരുടെ കൃഷിയിടങ്ങളിലുമായാണ് തൈകളുടെ നടീല്‍ ക്രമീകരിച്ചിരിക്കുന്നത്. കട്ടപ്പനയ്ക്കു സമീപം ഇടിഞ്ഞമലയിലയിലാണ് മാസിന്‍റെ മാതൃകാ തോട്ടം.
റീബില്‍ഡ് കേരള പദ്ധതിയുടെ പ്രചരണാര്‍ഥം നിരവധി റോഡ്ഷോകള്‍ സംഘടിപ്പിച്ചു. വണ്ടിപ്പെരിയാറില്‍ നിന്നാരംഭിച്ച റോഡ് ഷോ ഇ. എസ് ബിജിമോള്‍ എം.എല്‍.എയും തൊടുപുഴയില്‍ നിന്നാരംഭിച്ച റോഡ് ഷോ പി. ജെ ജോസഫ് എം.എല്‍.എയും ഉദ്ഘാടനം ചെയ്തു. കട്ടപ്പന റോഡ് ഷോയുടെ ഉദ്ഘാടനം ജോയ്സ് ജോര്‍ജ് എം.പിയും അടിമാലി റോഡ് ഷോയുടെ ഉദ്ഘാടനം മുന്‍ എം.എല്‍.എ കെ.കെ ജയചന്ദ്രനും മൂന്നാര്‍ റോഡ് ഷോയുടെ ഉദ്ഘാടനം എസ് രാജേന്ദ്രന്‍ എം.എല്‍.എയും നിര്‍വഹിച്ചു.
ജൈവകൃഷിയുടെയും പ്രളയ പുനര്‍നിര്‍മാണത്തിന്‍റെയും സന്ദേശം ജനങ്ങളിലെത്തിക്കുന്ന സ്കിറ്റുകള്‍ റോഡ് ഷോകളില്‍ അവതരിപ്പിച്ചു. റീബില്‍ഡ് കേരളയുടെ സന്ദേശം പുതുതലമുറയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കായി യഥാക്രമം ‘നിങ്ങളുടെ സ്വപ്നത്തിലെ ഇടുക്കി 2021’ എന്ന വിഷയത്തില്‍ ചിത്രരചനാമത്സരവും ‘ശാന്തസുന്ദരമായ ഇടുക്കി’ എന്ന വിഷയത്തില്‍ ഫോട്ടോഗ്രഫി മത്സരവും നടത്തുകയുണ്ടായി.
ജൈവകൃഷിയിലൂടെ ഇടുക്കി ജില്ലയിലെ കര്‍ഷകര്‍ക്ക് കൃഷിയിടങ്ങളും ജീവനോപാധികളും പുനര്‍നിര്‍മിക്കുന്നതിനു വേണ്ട പിന്തുണ നല്‍കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ‘റീബില്‍ഡ് കേരള 2021’ പദ്ധതി . തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാസ് സ്വന്തം പോളിഹൗസില്‍ നേരിട്ട് ജൈവരീതിയില്‍ ഉത്പാദിപ്പിച്ച നടീല്‍ വസ്തുക്കള്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ക്കിടയില്‍ വിതരണം ചെയ്യുന്നതും അതിലൂടെ പുതിയൊരു കാര്‍ഷിക പരിഷ്കരണ മുന്നേറ്റത്തിനു തുടക്കം കുറിക്കുന്നതുമാണ്. പശ്ചിമഘട്ടം കേന്ദ്രീകരിച്ചാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടാനും പദ്ധതി ലക്ഷ്യമിടുന്നു. പ്രളയക്കെടുതിയില്‍ കൃഷിയും ജീവനോപാധികളും നഷ്ടമായ ഇടുക്കിയിലെ കര്‍ഷകര്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള അവസരം കൂടി ഒരുക്കുന്നതാണ് പദ്ധതി.
എര്‍ത്ത് ബില്‍ഡേഴ്സിന്‍റെ ആഭിമുഖ്യത്തില്‍ ഇടുക്കി ജില്ലയില്‍ നടപ്പാക്കിയ സാമ്പിള്‍ സര്‍വേ പ്രകാരം ജില്ലയിലാകെ പ്രളയത്തിന്‍റെ ഫലമായി നാനൂറു കോടി രൂപയുടെ കാര്‍ഷിക നഷ്ടമുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. വിവിധ സന്നദ്ധ സംഘടനകളും പങ്കുചേരുന്ന എര്‍ത്ത് ബില്‍ഡേഴ്സ് റീബില്‍ഡ് കേരളയില്‍ ഇടുക്കി ജില്ലയിലെ 52 പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലുമായി ഒരു ലക്ഷം കര്‍ഷക കുടുംബങ്ങളില്‍ ജൈവകൃഷിയിലൂടെയുള്ള പുനര്‍നിര്‍മാണത്തിന്‍റെ സന്ദേശമെത്തിക്കാനാകും.
മൂന്നു വര്‍ഷങ്ങളിലായി പൂര്‍ത്തീകരിക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 2021-ല്‍ പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തീകരിക്കും. ജൈവകൃഷിക്ക് പുറമെ പരിസ്ഥിതിസൗഹൃദ ടൂറിസം, ജൈവ വിപണനം എന്നീ മേഖലകളിലും പദ്ധതി ശ്രദ്ധ ചെലുത്തുന്നുണ്ട്.