ചാമ്പ്യൻസ് ലീഗ് ഫുട്ബോളിലെ ആദ്യപാദ മത്സരത്തിൽ റയൽ മാഡ്രിഡിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഡച്ച് ക്ലബായ അയാക്സിനെ റയൽ തകർത്തത്. രണ്ടാം പാദമത്സരം അടുത്ത മാർച്ച് ആറിന് നടക്കും
റയലിനെ വിറപ്പിച്ചാണ് അയാക്സ് സ്വന്തം മൈതാനത്ത് ഒരു ഗോളിന് കീഴടങ്ങിയത്. ആദ്യം അയാക്സ് പന്ത് ലക്ഷ്യത്തിലെത്തിച്ചെങ്കിലും വാറ് റിവ്യൂയിലൂടെ ഓഫ് സൈഡാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഗോൾ നിഷേധിക്കുകയായിരുന്നു. കളിയിലുടനീളം അയാസ്‌കിന്റെ യുവനിര റയലിനെ പരീക്ഷിച്ചുകൊണ്ടേയിരുന്നു. പലപ്പോഴും മികച്ച അവസരങ്ങൾ അയാക്സ് സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ കാരണം ഗോൾ കണ്ടെത്താനായില്ല. കിട്ടിയ രണ്ട് അവസരങ്ങളും ലക്ഷ്യത്തിലെത്തിച്ചതോടെയാണ് റയലിന് ജയം സ്വന്തമാക്കാനായത്. മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ വിനീഷ്യസിൽനിന്ന് ലഭിച്ച പന്ത് ആദ്യ ടച്ചിൽ തന്നെ ബെൻസേമ വലയിലെത്തിച്ച് ആദ്യ ഗോൾ നേടി.
ഇതോടെ 60-ാം മിനുട്ടിൽ അയാക്സ് ഒരു ഗോളിന് പിറകിലായി. എന്നാൽ നിരന്തരമുള്ള മുന്നേറ്റത്തിനൊടുവിൽ മികച്ചൊരു നീക്കത്തിലൂടെ അയാക്സ് താരം ഹകീം സിയെച്ച് 75-ാം മിനുട്ടിൽ ഗോൾ മടക്കി സമനില പിടിച്ചു.
സമനില ഗോൾ വന്നതോടെ റയൽ മാഡ്രിഡ് വീണ്ടും പ്രതിരോധത്തിലായി. 73-ാം മിനുട്ടിൽ കരീം ബെൻസേമയെ പിൻവലിച്ച് അസൻസിയോയെ കളത്തിറക്കി. അപകടം സൃഷ്ടിച്ച അസെൻസിയോ പോസ്റ്റിലേക്ക് ഷോട്ടുകൾ തൊടുത്തുകൊണ്ടേയിരുന്നെങ്കിലും അയാക്സ് പ്രതിരോധം ഉറച്ചുനിന്നു. ഒടുവിൽ മികച്ചൊരു കൗണ്ടർ അറ്റാക്കിൽനിന്ന് 87-ാം മിനുട്ടിൽ അസെൻസിയോ റയലിന്റെ വിജയഗോൾ നേടി.
അയാക്സുമായുള്ള രണ്ടാം പാദമത്സരം അടുത്ത മാർച്ച് ആറിന് സാന്റിയാഗോ ബെർണബ്യൂവിൽ വെച്ച് നടക്കും.