‘യഥാര്‍ത്ഥ ഇന്ത്യക്കാരന്‍’ ആരെന്ന് നിര്‍വചിക്കാന്‍ ആര്‍ക്കാണ് അവകാശമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. ‘ചൈന ഇന്ത്യന്‍ ഭൂപ്രദേശം കൈയടക്കി’ എന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരായ സുപ്രീം കോടതിയുടെ വിമര്‍ശനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധി ഉന്നയിച്ച ചര്‍ച്ച ഓരോ ദേശസ്‌നേഹിയായ ഇന്ത്യക്കാരന്റെയും ചിന്തയാണെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റിനകത്ത് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ഉത്തരമില്ല, പാര്‍ലമെന്റിന് പുറത്ത് ദേശീയ താല്‍പര്യമുള്ള വിഷയങ്ങള്‍ ഉന്നയിക്കുമ്പോള്‍ രാജ്യദ്രോഹികളെന്ന് മുദ്രകുത്തുന്നു. ഇന്ത്യക്ക് വേണ്ടി ചോദ്യങ്ങള്‍ ഉന്നയിക്കുന്ന തങ്ങളാണ് യഥാര്‍ത്ഥ ഇന്ത്യക്കാര്‍ എന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
ഒഡീഷ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭക്ത ചരണ്‍ ദാസും രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി രംഗത്തെത്തി. ചൈനീസ് അതിക്രമത്തില്‍ മോദി സര്‍ക്കാരിന്റെ പരാജയത്തെ വിമര്‍ശിച്ചതിന് രാഹുല്‍ ഗാന്ധിയുടെ ‘ഇന്ത്യന്‍ ദേശീയത’യെ ചോദ്യം ചെയ്യാന്‍ ജസ്റ്റിസ് ദീപങ്കര്‍ ദത്തക്ക് അവകാശമില്ലെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. ‘അദ്ദേഹത്തിന്റെ അച്ഛനും മുത്തശ്ശിയും രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരാണ്. ഇതിലപ്പുറം എന്ത് ‘ഇന്ത്യന്‍ ദേശീയത’യുടെ തെളിവാണ് അവര്‍ക്ക് വേണ്ടത്?’ എന്നും അദ്ദേഹം ചോദിച്ചു.
മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് രംഗത്തെത്തി. 2,000 കിലോമീറ്റര്‍ ഇന്ത്യന്‍ പ്രദേശം ചൈനീസ് സൈന്യം അതിക്രമിച്ച് കയറിയെന്ന് പറഞ്ഞതിലൂടെ രാഹുല്‍ ഗാന്ധി ഒരു രഹസ്യവും പുറത്തുവിട്ടിട്ടില്ലെന്ന് ഗെലോട്ട് പറഞ്ഞു. ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചുള്ള വിവരം ഇന്റര്‍നെറ്റിലും മാധ്യമങ്ങളിലും നേരത്തെ തന്നെ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഡാക്കിലെ സാമൂഹ്യപ്രവര്‍ത്തകനായ സോനം വാങ്ചുക്കും ചൈനീസ് അതിക്രമത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഗെലോട്ട് ചൂണ്ടിക്കാട്ടി.
അരുണാചല്‍ പ്രദേശിലെ യാങ്‌സി മേഖലയില്‍ 2022-ല്‍ ഇന്ത്യന്‍, ചൈനീസ് സൈന്യങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനകളെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. ‘ചൈന എങ്ങനെയാണ് 2,000 ചതുരശ്ര കിലോമീറ്റര്‍ ഭൂമി കൈവശപ്പെടുത്തിയതെന്ന് അദ്ദേഹത്തിന് എങ്ങനെ അറിയാം?’ എന്നും ‘ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരന്‍ അങ്ങനെ പറയില്ല’ എന്നും ജസ്റ്റിസുമാരായ ദീപങ്കര്‍ ദത്തയും അഗസ്റ്റിന്‍ ജോര്‍ജ് മസിഹും അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടാകുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ പറയാന്‍ കഴിയുമോ എന്നും കോടതി ചോദിച്ചു. രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകനായ അഭിഷേക് മനു സിങ്വിയോട്, ഇത്തരം പ്രസ്താവനകള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാതെ എന്തിനാണ് സമൂഹമാധ്യമങ്ങളില്‍ നടത്തുന്നതെന്നും ബെഞ്ച് ചോദിച്ചിരുന്നു.