മണിക്കെതിരായ പ്രതികരണം ആലോചിച്ച് വേണമായിരുന്നു; ആനി രാജയെ തള്ളി കാനം രാജേന്ദ്രന്‍

Jaihind Webdesk
Sunday, July 24, 2022

കോഴിക്കോട്: എം.എം മണിക്കെതിരായ പ്രസ്താവനയിൽ ആനി രാജയെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംസ്ഥാന നേതൃത്വവുമായി ആലോചിക്കാതെ നടത്തിയ പ്രതികരണത്തെ സംരക്ഷിക്കേണ്ടതില്ല. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിമർശനങ്ങൾക്ക് കാനം രാജേന്ദ്രൻ മറുപടി പറഞ്ഞില്ല.

സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലായിരുന്നു സിപിഎമ്മിനെ സംരക്ഷിച്ചു കൊണ്ടുള്ള കാനത്തിന്‍റെ പ്രതികരണം. സിപിഎമ്മിനും സർക്കാരിനുമെതിരെ ഉയർന്ന ആരോപണങ്ങൾക്ക് കാനം മറുപടി പറഞ്ഞില്ല. സിപിഎം നേതാവ് എം.എം മണിയുമായുള്ള പ്രശ്നത്തിൽ സിപിഐ കേന്ദ്ര നേതൃത്വത്തെയും കാനം തള്ളി. സംസ്ഥാന നേതൃത്വവുമായി ആലോചിക്കാതെ പ്രതികരിച്ച ആനി രാജയെ സംരക്ഷിക്കേണ്ട ബാധ്യത സംസ്ഥാന നേതൃത്വത്തിന് ഇല്ലെന്നായിരുന്നു കാനത്തിന്‍റെ മറുപടി. ആനി രാജയുടെ നടപടി പാർട്ടി നിലപാടിന് ചേർന്നതല്ല. കേരളത്തിലെ വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ സംസ്ഥാന ഘടകവുമായി ആലോചിക്കണമായിരുന്നുവെന്നും കാനം പറഞ്ഞു.

ദേശീയ സെക്രട്ടേറിയറ്റ് അംഗമായ നേതാവ് ഇക്കാര്യങ്ങൾ ഓർക്കേണ്ടതായിരുന്നുവെന്ന് കാനം വ്യക്തമാക്കി. ആനി രാജയുടെ പ്രതികരണങ്ങൾ ചർച്ച ചെയ്യണമെന്ന് കാട്ടി ദേശീയ എക്സിക്യൂട്ടീവിന് സംസ്ഥാന സെക്രട്ടേറിയറ്റ് കത്ത് നൽകിയിട്ടുണ്ട്.