വനംവകുപ്പിന്‍റെ കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം നാളെ വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യും

Jaihind News Bureau
Thursday, September 3, 2020

പത്തനംതിട്ട : ചിറ്റാറിൽ വനംവകുപ്പിന്‍റെ കസ്റ്റഡിയിലിരിക്കെ ദൂരുഹ സാഹചര്യത്തിൽ മരിച്ച ചിറ്റാറിലെ ഫാം ഉടമ മത്തായിയുടെ മൃതദേഹം വെള്ളിയാഴ്ച വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തും. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രത്യേകം സജ്ജീകരിച്ച ടേബിളിൽ ആണ് പോസ്റ്റ്മോർട്ടം നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് ഫോറൻസിക് ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റ്മോർട്ടം നടത്തുന്നത്.

മത്തായിയുടെ മരണത്തിൽ സി.ബി.ഐ കേസെടുത്തതിന് പിന്നാലെയാണ് വീണ്ടും പോസ്റ്റ്മോർട്ടം നിശ്ചയിച്ചിരിക്കുന്നത്. ജൂലൈ 28 നാണ് വനം വകുപ്പ് മത്തായിയെ കസ്റ്റഡിയിലെടുത്തത്. അന്ന് വൈകുന്നേരം ആറരയോടെ മത്തായിയെ സ്വന്തം ഫാമിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മത്തായിയുടേത് കസ്റ്റഡി മരണമാണെന്നും പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും ചൂണ്ടിക്കാട്ടി ഭാര്യ ഷീബ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്.

പ്രതികളെ പിടികൂടുന്നതുവരെ മത്തായിയുടെ മൃതദേഹം സംസ്കരിക്കില്ലെന്ന ബന്ധുക്കളുടെ നിലപാടായിരുന്നു മത്തായിയുടെ മരണം ദേശീയ ശ്രദ്ധ ആകർഷിച്ചത്. ഇപ്പോൾ റാന്നിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലാണ് മത്തായിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. സി.ബി.ഐ അന്വേഷണത്തിലൂടെ കുറ്റവാളികളായ വനപാലകരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങൾ.