സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു. കേരളത്തിന്റെ 41-ാം പോലീസ് മേധാവിയാണ് ഇദ്ദേഹം.
ഇന്ന് പുലര്‍ച്ചെയാണ് അദ്ദേഹം ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തത്തിയത്. എഡിജിപി എംആര്‍ അജിത് കുമാര്‍, സിറ്റി പോലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ്, എഐജി ജി.പൂങ്കുഴലി എന്നിവര്‍ തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തില്‍ നിയുക്ത പൊലീസ് മേധാവിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്ന അദ്ദേഹം കേന്ദ്ര സര്‍വീസില്‍ നിന്ന് വിടുതല്‍ ലഭിച്ചയുടന്‍ കേരളത്തിലേക്ക് പുറപ്പെടുകയായിരുന്നു.
പോലീസ് ആസ്ഥാനത്തെത്തിയ അദ്ദേഹം വീരചരമമടഞ്ഞ പോലീസ് ഉദ്യോഗസ്ഥരുടെ സ്മരണാര്‍ത്ഥം ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷമാണ് ചുമതല ഏറ്റെടുത്തത്. സംസ്ഥാന പോലീസ് മേധാവിയായിരുന്ന ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിച്ചതിനെ തുടര്‍ന്ന് ഡിജിപി യുടെ ചുമതല ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എച്ച് വെങ്കിടേഷിന് കൈമാറിയിരുന്നു. എച്ച് വെങ്കിടേഷില്‍ നിന്നാണ് റവാഡ ചന്ദ്രശേഖര്‍ ചുമതല ഏറ്റെടുത്തത്.
കേന്ദ്രത്തില്‍ നിന്നും കേരളത്തില്‍ എത്തുന്ന ആദ്യ ഡിജിപിയാണ് റവാഡ ചന്ദ്രശേഖര്‍. ഇന്നലെ രാവിലെ ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കേരളം നല്‍കിയ 6 പേരുടെ പട്ടികയില്‍ നിന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന യുപിഎസ്സി യോഗത്തിലാണ് 3 അംഗ പട്ടികയായി ചുരുക്കിയത്. ഈ പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായിരുന്നു റവാഡ. ഒന്നാം സ്ഥാനത്തുള്ള നിതിന്‍ അഗര്‍വാളിനെയും മൂന്നാം സ്ഥാനത്തുള്ള യോഗേഷ് ഗുപ്തയെയും പിന്തള്ളിയാണ് റവാഡ തലപ്പത്ത് എത്തിയത്.
ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയായ റവാഡ ചന്ദ്രശേഖര്‍ 1991 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. തലശ്ശേരി എഎസ്പിയായിട്ടാണ് സര്‍വീസില്‍ തുടക്കം. ഐബി സ്പെഷ്യല്‍ ഡയറക്ടറായിരുന്നു. കേന്ദ്ര സെക്യൂരിറ്റി സെക്രട്ടറിയായി നിയമനം ലഭിച്ചിരുന്നു. 2007 മുതല്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലുണ്ട്. 16 വര്‍ഷത്തേളം കേന്ദ്ര ഐ.ബിയിലെ വിവിധ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.