റേഷന്‍ വിതരണം;സെർവർ തകരാറിന് ശാശ്വത പരിഹാരം കാണണം; കെ.സുധാകരന്‍ എം.പി

Jaihind Webdesk
Wednesday, April 26, 2023

തിരുവനന്തപുരം: നിലച്ച റേഷന്‍ വിതരണം പുനഃസ്ഥാപിച്ച് സെർവർ തകരാറിന് ശാശ്വത പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എം.പി. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന സാധാരണക്കാരന്‍റെ വയറ്റത്തടിക്കുന്നതാണ് പൊതുവിതരണ രംഗത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന സെര്‍വര്‍ പാളിച്ച . സാങ്കേതിക പ്രശ്നം കാരണം ദിവസങ്ങളായി റേഷന്‍ വിതരണം നടത്താന്‍ സാധിക്കാത്ത അവസ്ഥയാണ്.നാളുകളായി തുടരുന്ന പ്രശ്നം പരിഹരിക്കുന്നതില്‍ പൊതുവിതരണവകുപ്പും സര്‍ക്കാരും കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നത്.

സംസ്ഥാന പൊതുവിരണ രംഗത്തെ ആശ്രയിക്കുന്ന സാധാരണക്കാരന്‍റെ അന്നം മുടക്കുന്ന നടപടിയാണിത്.രാജ്യത്തിനാകെ മാതൃകയായിരുന്ന കേരള മോഡല്‍ റേഷന്‍ വിതരണം അവതാളത്തിലാക്കിയ സെർവർ തകരാറും അതിനെ തുടര്‍ന്നുള്ള ഇ-പോസ് യന്ത്രത്തിന്റെ പണിമുടക്കും പരിഹരിക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു . റേഷൻ വിതരണത്തിലെ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറായ ബി.എസ്.എൻ.എല്ലിന്റെ ബാൻഡ് വിഡ്ത് ശേഷി 100 Mbps ആയി വർധിപ്പിക്കുകയും മികച്ച നെറ്റുവര്‍ക്ക് കവറേജുള്ള സീം കാര്‍ഡ് നല്‍കി ഇ പോസ് യന്ത്രത്തിന്‍റെ പ്രശ്നം പരിഹരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചെങ്കിലും അടിസ്ഥാന പ്രശ്നം ഇതുവരെ പരിഹരിക്കാനായില്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

സാധാരണക്കാര്‍ ജോലിയും കൂലിയും ഉപേക്ഷിച്ച് അരിയും അവശ്യ സാധനങ്ങളും വാങ്ങാനെത്തി നീണ്ട സമയത്തെ കാത്തിരിപ്പിനുശേഷം നിരാശരായി മടങ്ങേണ്ടിവരുന്നതിന് അധികൃതരുടെ ഒരു ന്യായീകരണവും പരിഹാരമല്ല. നിലവില്‍ ബയോമെട്രിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ വിതരണത്തിന്‍റെ പ്രധാന സെവര്‍ സ്ഥാപിച്ചിരിക്കുന്നത് സംസ്ഥാനത്തിന് പുറത്താണ്. അത് കേരളത്തിലേക്ക് സ്ഥാപിച്ച് വിദഗ്ദ്ധ സാങ്കേതിക സഹായം ഉറപ്പുവരുത്താനും ആയാല്‍ ഇൗ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കാന്‍ സാധിക്കും. സെര്‍വര്‍ തകരാറും റേഷന്‍ വിതരണം തടസ്സപ്പെടുന്നതുംഒരു തുടര്‍ക്കഥയായിട്ടും അതിനാവശ്യമായ ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കാത്തത് പരിഹാസ്യമാണ്. സെര്‍വര്‍ പതിവായി തകരാറിലാവുന്നത് ഗുണഭോക്താക്കളെയും വ്യാപാരികളെയും ഒരു പോലെ ദുരിതത്തിലാക്കി. സംസ്ഥാനത്ത് 90 ലക്ഷത്തിലധികം റേഷന്‍ കാര്‍ഡ് ഉടമകളാണുള്ളത്. ഈ മാസത്തെ റേഷന്‍ വിതരണം 29ന് അവസാനിക്കും. അടിക്കടി സെര്‍വര്‍ തകരാറാക്കുന്നത് കാരണം പകുതിയിലേറെപ്പേര്‍ക്കും ഓരോ മാസത്തേയും വിഹിതം പൂര്‍ണ്ണമായും വാങ്ങാന്‍ സാധിക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.