RATION CARD NEW RULE| ആറു മാസം സാധനം വാങ്ങിയില്ലെങ്കില്‍ റേഷന്‍ കാര്‍ഡ് മരവിപ്പിക്കും: കേന്ദ്ര വ്യവസ്ഥ

Jaihind News Bureau
Thursday, July 24, 2025

ആറു മാസത്തിനിടെ ഒരു തവണ പോലും റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തവരുടെ റേഷന്‍ കാര്‍ഡ് താല്‍ക്കാലികമായി മരവിപ്പിക്കും. റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിങ് ഇനി 5 വര്‍ഷത്തിലൊരിക്കല്‍ നടത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യവസ്ഥ ചെയ്തു.

കേരളത്തില്‍ ഒട്ടേറെപ്പേരെ ബാധിക്കുന്നതാകും കേന്ദ്ര ഉപഭോക്തൃഭക്ഷ്യ പൊതുവിതരണ മന്ത്രാലയം കൊണ്ടുവന്ന ചട്ടഭേദഗതി. കേരളത്തില്‍ ഓരോ മാസവും ശരാശരി 17.65 ലക്ഷം പേര്‍ റേഷന്‍ വാങ്ങുന്നില്ല എന്നാണ് കണക്കുകള്‍. ആറു മാസത്തിനിടെ റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തവരുടെ റേഷന്‍ കാര്‍ഡ് താല്‍ക്കാലികമായി മരവിപ്പിക്കുമെന്നാണ് ചട്ടം. സംസ്ഥാന സര്‍ക്കാരാണ് കാര്‍ഡ് മരവിപ്പിക്കേണ്ടത്. അര്‍ഹത ബോധ്യപ്പെട്ടാല്‍ 3 മാസത്തിനകം നേരിട്ട് പരിശോധന നടത്തി, ഉടമകളുടെ ഇലക്ട്രോണിക് കെ വൈ സി നടപടിക്രമങ്ങളും പൂര്‍ത്തിയായ ശേഷമേ വീണ്ടും റേഷന്‍ നല്‍കൂ.

കഴിഞ്ഞമാസം 82.34% പേര്‍ മാത്രമാണു റേഷന്‍ വാങ്ങിയത്. 3 മാസം റേഷന്‍ വാങ്ങാത്ത പിങ്ക്, മഞ്ഞ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തില്‍നിന്ന് ഒഴിവാക്കുന്ന രീതി നിലവിലുണ്ടായിരുന്നു. പക്ഷേ കാര്‍ഡ് മരവിപ്പിക്കുന്ന രീതി ഒരു വിഭാഗത്തിലും ഉണ്ടായിരുന്നില്ല. കാര്‍ഡ് മരവിപ്പിക്കുന്ന രീതി ഇതുവരെ ഒരു വിഭാഗത്തിലുമുണ്ടായിരുന്നില്ല. കൂടാതെ മറ്റു നിര്‍ദേശങ്ങളും കേന്ദ്ര ഉപഭോക്തൃഭക്ഷ്യ പൊതുവിതരണ മന്ത്രാലയം മുന്നോട്ട് വയ്ക്കുന്നു. 5 വര്‍ഷത്തിലൊരിക്കല്‍ റേഷന്‍ മസ്റ്ററിങ് നിര്‍ബന്ധമാണ്.
അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെയും ആധാര്‍ നമ്പര്‍ ലഭ്യമെങ്കില്‍ രേഖപ്പെടുത്തണം. അഞ്ച് വയസ്സ് തികഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കണം. 18 വയസ്സാകാത്തവര്‍ക്കു പ്രത്യേകം റേഷന്‍ കാര്‍ഡ് അനുവദിക്കില്ല.