‘രതീഷിന്‍റെ കൊലപാതകത്തിലേക്ക് നയിച്ചത് ഒരു നേതാവിനെക്കുറിച്ചുള്ള പരാമർശം’ : കെ സുധാകരന്‍ എം.പി

Jaihind Webdesk
Monday, April 12, 2021

 

തിരുവനന്തപുരം : ഒരു നേതാവിനെക്കുറിച്ച് നടത്തിയ പരാമർശമാണ് മൻസൂർ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്‍റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കെ സുധാകരൻ എം.പി. നേതാവിനെക്കുറിച്ചുള്ള പരാമർശത്തിൽ പ്രകോപിതരായ കൂട്ടുപ്രതികൾ രതീഷിനെ മർദിച്ച് അവശനാക്കി. ബോധം നശിച്ച രതീഷിനെ പിന്നീട് കെട്ടിത്തൂക്കുകയായിരുന്നുവെന്നും കെ സുധാകരൻ എം.പി ആരോപിച്ചു. മന്‍സൂറിന്‍റെ കൊലപാതകത്തിന് പിന്നില്‍ പാനോളി വത്സനാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

പാനൂരിലെ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ വധിച്ച കേസിലെ രണ്ടാം പ്രതിയാണ് കൂലോത്ത് രതീഷ്. വെള്ളിയാഴ്ച വൈകിട്ടാണ് രതീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് മുമ്പ് രതീഷിന്‍റെ ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ശ്വാസകോശത്തിന് അമിത സമ്മർദ്ദമുണ്ടായി. ഇതു സാധാരണ ആത്മഹത്യയിൽ സംഭവിക്കുന്നതിനേക്കാൾ ഗുരുതരമായ പരിക്കാണ്.  മരണത്തിന് തൊട്ടുമുമ്പു വരെ മൻസൂർ വധക്കേസിലെ കൂട്ടുപ്രതികൾ രതീഷിനൊപ്പം ഉണ്ടായിരുന്നതായും പൊലീസിന് സൂചന ലഭിച്ചു.