ഡൽഹി: വ്യവസായിയും ടാറ്റാ സൺസ് ചെയർമാൻ ഇമെരിറ്റസുമായ രത്തൻ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. രക്തസമ്മർദം കുറഞ്ഞ് അവശനായ അദ്ദേഹത്തെ തിങ്കളാഴ്ച പുലർച്ചെയാണ് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുമ്പോഴും ആരോഗ്യനില ക്രമേണ മോശമാകുകയായിരുന്നു. കഴിഞ്ഞ നാല് ദിവസമായി അദ്ദേഹം ചികിത്സയില്‍ കഴിയുകയായിരുന്നു.
രാജ്യം പത്മവിഭൂഷനും, പത്മഭൂഷനും നല്‍കി ആദരിച്ച വ്യവസായിയായിരുന്നു രത്തന്‍ ടാറ്റ.
1991 മുതല്‍ 2012 വരെ ടാറ്റ ഗ്രൂപ്പ് ചെയര്‍മാനായിരുന്നു അദ്ദേഹം. 2016 മുതല്‍ ഇടക്കാല ചെയര്‍മാനായിരുന്നു. 1991 മാര്‍ച്ചിലാണ് അദ്ദേഹം, ടാറ്റ സണ്‍സ് ചെയര്‍മാനായി സ്ഥാനമേറ്റത്. 2012 ഡിസംബര്‍ വരെ കമ്പനിയെ മുന്നില്‍ നിന്ന് നയിച്ചു. ഈ കാലയളവില്‍ കമ്പനിയെ വന്‍ നേട്ടങ്ങളിലേക്ക് നയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
1991ല്‍ 10,000 കോടി രൂപയായിരുന്ന കമ്പനിയുടെ വിറ്റുവരവ് 2011-12 ആയപ്പോള്‍ 100.09 ബില്യന്‍ ഡോളറായി ഉയര്‍ന്നത് അദ്ദേഹത്തിന്റെ വലിയ നേട്ടങ്ങളില്‍ ഒന്നായി വിലയിരുത്തപ്പെടും.
സ്ഥാനമൊഴിഞ്ഞതിന് ശേഷം പിന്നീട് ചെയര്‍മാന്‍ സ്ഥാനത്തു വന്ന സൈറസ് മിസ്ത്രിയുമായി രത്തന്‍ ടാറ്റയ്ക്കുണ്ടായ അഭിപ്രായ വ്യത്യാസങ്ങളും അതേച്ചൊല്ലിയുള്ള വാര്‍ത്തകളും വലിയ ചര്‍ച്ചയായി മാറിയിരുന്നു. പിന്നീട് മിസ്ത്രിയെ 2016 ഒക്ടോബറില്‍ ഈ സ്ഥാനത്ത് നിന്ന പുറത്താക്കുകയായിരുന്നു.
ശേഷം ഇടക്കാല ചെയര്‍മാനായി രത്തന്‍ ടാറ്റ തന്നെ തിരിച്ചെത്തുകയും 2017 ജനുവരിയില്‍ കമ്പനിയുടെ നേതൃത്വം എന്‍ ചന്ദ്രശേഖറിന് കൈമാറുകയും ചെയ്തു.