പത്തനംതിട്ട ജില്ലയില്‍ ആശങ്കയായി എലിപ്പനി; ഇന്ന് രണ്ടു മരണം റിപ്പോർട്ട് ചെയ്തു

Jaihind Webdesk
Sunday, June 18, 2023

 

പത്തനംതിട്ട: ജില്ലയിൽ വീണ്ടും എലിപ്പനി ബാധിച്ച് മരണം. പത്തനംതിട്ട കൊടുമൺ സ്വദേശികളും തൊഴിലുറപ്പ് തൊഴിലാളികളുമായ ചിറ പാറപ്പാട്ട് പടിഞ്ഞാറ്റേതിൽ സുജാത, കാവിളയിൽ മണി എന്നിവരാണ് ഇന്ന് എലിപ്പനി ബാധിച്ച് മരിച്ചത്. 50 വയസുള്ള സുജാത മൂന്നു ദിവസമായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. 57 കാരിയായ മണിയും കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജില്ലയിൽ തുടർച്ചയായുണ്ടാകുന്ന പനി മരണങ്ങൾ ഏറെ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പുതന്നെ തൊഴിലുറപ്പ് തൊഴിലാളികൾക്കും മലിനജലവുമായി സമ്പർക്കം പുലർത്തുന്ന തൊഴിൽ ചെയ്യുന്നവർക്കും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സി സൈക്ലിൻ വിതരണം ചെയ്തതായി പറയുന്നുണ്ടെങ്കിലും ഇപ്പോൾ ഒരാഴ്ചക്കിടെയുണ്ടായ 3 മരണങ്ങൾ എലിപ്പനി ബാധ കാരണമാണെന്നതും ആശങ്കയ്ക്കിടയാക്കുന്നുണ്ട്.