തിരുവനന്തപുരം പേട്ടയില്‍ രണ്ടു വയസ്സുകാരിയായ നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയ പ്രതിക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. തിരുവനന്തപുരം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതി വര്‍ക്കല സ്വദേശി ഹസന്‍ കുട്ടിയ്ക്കുള്ള ശിക്ഷ വിധിക്കുക. 2024 ഫെബ്രുവരി 19 നായിരുന്നു ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെ ഹസന്‍കുട്ടി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.
കുഞ്ഞിനെ ടെന്റില്‍ നിന്നും കടത്തിക്കൊണ്ടു പോയശേഷം ആളൊഴിഞ്ഞ പൊന്തക്കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ബ്രഹ്‌മോസ് കേന്ദ്രത്തിന്റെ മതിലിനോട് ചേര്‍ന്ന കാടുപിടിച്ച സ്ഥലത്തുനിന്നാണ് അബോധാവസ്ഥയിലായ കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന്, സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ പോലീസ് പ്രതിയെ തിരിച്ചറിഞ്ഞു. കുട്ടിയുടെ വൈദ്യപരിശോധനാ ഫലത്തില്‍ പീഡനം നടന്നതായി സ്ഥിരീകരിക്കുകയുണ്ടായി. പ്രതിയുടെ വസ്ത്രങ്ങളില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ കുട്ടിയുടെ മുടിയിഴകള്‍ കണ്ടെത്താന്‍ കഴിഞ്ഞത് കേസില്‍ നിര്‍ണായകമായ വഴിത്തിരിവായി.