VEDAN| റാപ്പര്‍ വേടനെതിരെ പീഡന പരാതി; വേടനെ ചേര്‍ത്തു നിര്‍ത്തിയ സിപിഎം ഇപ്പോള്‍ ഉരിയാടുന്നില്ല

Jaihind News Bureau
Saturday, August 2, 2025

റാപ്പര്‍ വേടന്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതി പുറത്തു വന്നതോടെ പെട്ടുപോയ അവസ്ഥയിലാണ് സിപിഎം. ലഹരിക്കേസിലും വനവകുപ്പിന്റെ കേസിലും വേടന്‍ പ്രതിയായെങ്കിലും തിരുത്താന്‍ ശ്രമിക്കുന്നുവെന്ന വേടന്റെ വാചകങ്ങള്‍ ഏറ്റുപിടിച്ചു പൂര്‍ണ്ണ പിന്തുണ നല്‍കുകയാണ് സിപിഎം ചെയ്തത്. ഒരു കാരണവശാലും വേടന്‍ എന്ന ഹിരണ്‍ദാസിനെ വേട്ടയാടാന്‍ അനുവദിക്കില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അടക്കം അന്ന് പറഞ്ഞത്. സര്‍ക്കാരിന്റെ പത്താം വാര്‍ഷികാഘോഷ പരിപാടികളില്‍ സംഗീതനിശ അവതരിപ്പിക്കാന്‍ ധാരാളം വേദികളാണ് വേടന് ഒരുക്കിക്കൊടുത്തത്. സര്‍ക്കാരിന്റെ മേഖലാ അവലോകന യോഗത്തിനിടെ മുഖ്യമന്ത്രി വേടന്റെ കൈപിടിച്ചതും അന്ന് ശ്രദ്ധേയമായിരുന്നു. എന്നാല്‍ തുടരെ തുടരെ വേടനെതിരെ മറ്റ് കേസുകള്‍ക്ക് പുറമെ പീഡന പരാതികള്‍ ഉയരുന്നത് സിപിഎമ്മിന് തലവേദന ആക്കുമെന്ന് ഉറപ്പാണ്.

പീഡനാരോപണത്തില്‍ മുന്‍കൂര്‍ ജാമ്യം തേടിയ വേടന്റെ ഹര്‍ജി ഹൈക്കോടതിയില്‍ പരിഗണിക്കാതെ സര്‍ക്കാരിനോട് കോടതി പ്രതികരണം തേടിയിരിക്കുകയാണ്. സര്‍ക്കാര്‍ വേടനെ സംരക്ഷിക്കുമോ അതോ ഇതുവരെ ഉയര്‍ത്തിക്കൊണ്ട് നടന്നിട്ട ഊ ഘട്ടത്തില്‍ കൈവിടുമോ എന്നും കണ്ടറിയണം. പരാതികള്‍ വന്നതിന് ശേഷം ഇതുവരെയും പരസ്യ പ്രതികരണം നടത്താന്‍ പാര്‍ട്ടി സെക്രട്ടറി അടക്കം തയാറായിട്ടില്ല. വരാന്‍ പോകുന്ന നിയമസഭാ തിരെഞ്ഞെടുപ്പില്‍ വേടനെ സ്റ്റാര്‍ ക്യാമ്പയിനര്‍ ആക്കാന്‍ സിപിഎം നീക്കം നടത്തുന്നതിനിടെയാണ് വേടന്റെ പുതിയ കേസ്.