യുവ ഡോക്ടറുടെ ബലാത്സംഗ പരാതിയില്‍ റാപ്പര്‍ വേടന്‍ മുന്‍കൂര്‍ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയെ സമീപിക്കും. യുവതിയുടെ പരാതിയില്‍ തൃക്കാക്കര പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ജാമ്യാപേക്ഷ ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പരിഗണിക്കും.
വിവാഹ വാഗ്ദാനം നല്‍കി 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് വേടന്‍ പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും പിന്നീട് കോഴിക്കോട്ടെ ഫ്‌ളാറ്റില്‍ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും പരാതിയില്‍ പറയുന്നു. 2023-ല്‍ തന്നെ ഒഴിവാക്കിയെന്നും, ‘ടോക്‌സിക്’, ‘സ്വാര്‍ത്ഥത’ തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് വേര്‍പിരിഞ്ഞതെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.
നേരത്തെയും വേടനെതിരെ ‘മീ ടൂ’ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, പുതിയ പരാതി തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും, ഇതിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും വേടന്‍ പ്രതികരിച്ചു. തനിക്കെതിരെയുള്ളത് ആസൂത്രിത നീക്കമാണെന്നും അതിന്റെ തെളിവുകള്‍ കൈവശമുണ്ടെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു.