VEDAN| വേടനെതിരെ ബലാത്സംഗ കേസ്; ‘വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു’; യുവ ഡോക്ടറുടെ പരാതിയില്‍ തൃക്കാക്കര പൊലീസ് കേസെടുത്തു

Jaihind News Bureau
Thursday, July 31, 2025

പ്രശസ്ത റാപ്പറും സംഗീതജ്ഞനുമായ ഹിരണ്‍ദാസ് മുരളി എന്ന വേടനെതിരെ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തു. യുവ ഡോക്ടറായ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തൃക്കാക്കര പൊലീസാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് ഡോക്ടറുടെ പരാതിയില്‍ പറയുന്നത്.

തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍, വേടന്‍ വിവാഹ വാഗ്ദാനം നല്‍കി തന്നെ പലതവണ ലൈംഗികമായി ചൂഷണം ചെയ്തു എന്നാണ് യുവ ഡോക്ടര്‍ ആരോപിക്കുന്നത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നെന്നും, ഈ ബന്ധം മുതലെടുത്താണ് പീഡനം നടന്നതെന്നും പരാതിയില്‍ പറയുന്നു.  2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ബുധനാഴ്ച രാത്രിയാണ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 376 (2) (N) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാം വഴിയാണ് വേടനും പരാതിക്കാരിയും സൗഹൃദത്തിലായത്. തുടര്‍ന്ന് പരിചയത്തിന്റെ പേരില്‍ വേടന്‍ യുവതിയുടെ കോഴിക്കോടുളള ഫ്‌ളാറ്റില്‍ എത്തുകയായിരുന്നു. അവിടെ വച്ചാണ് വേടന്‍ യുവതിയെ ആദ്യമായി ബലാത്സംഗം ചെയ്തത്. അതിനുശേഷം കോഴിക്കോടും കൊച്ചിയിലും വച്ച് പലതവണ വേടന്‍ യുവതിയെ ബലാത്സംഗം ചെയ്തു. 2023ഓടെ വേടന്‍ ഒഴിവാക്കുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി.

2021-ല്‍ മീടൂ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് വേടന്‍ വലിയ വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളടക്കം നിരവധി പേരെ ലൈംഗികമായി ചൂഷണം ചെയ്തു എന്നതായിരുന്നു അന്നത്തെ ആരോപണം. സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധിയാളുകള്‍ ആരോപണങ്ങളുമായി രംഗത്തെത്തുകയും, വലിയ പ്രതിഷേധങ്ങള്‍ക്ക് ഇത് വഴിയൊരുക്കുകയും ചെയ്തു. ഈ വിഷയത്തില്‍ വേടന്‍ പിന്നീട് ഖേദം പ്രകടിപ്പിക്കുകയും, പൊതുരംഗത്ത് നിന്ന് താല്‍ക്കാലികമായി വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. ഈ വിവാദങ്ങള്‍ക്ക് ശേഷം വേടന്റെ സംഗീത ജീവിതത്തിനും വലിയ തിരിച്ചടിയുണ്ടായി.