കര്‍ണാടക ബിജെപി എംഎല്‍എ മുനിരത്‌നയ്‌ക്കെതിരേ ബലാല്‍സംഗ കേസ് രജിസ്റ്റര്‍ ചെയ്തു. നാല്‍പതുകാരിയുടെ ആരോപണത്തെ തുടര്‍ന്നാണ് യശ്വന്ത്പൂരിനടുത്തുള്ള ആര്‍എംസി യാര്‍ഡ് പോലീസ് കേസെടുത്തത്. എംഎല്‍ എ ഓഫീസ് ദുരുപയോഗപ്പെടുത്തി തന്നെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയെന്നും ദോഷകരമായ വസ്തു കുത്തിവച്ചതായും ഇവര്‍ പരാതിപ്പെടുന്നു.
2023 ജൂണ്‍ 11 നാണ് പരാതിയില്‍ ഉന്നയിക്കപ്പെടുന്ന സംഭവം നടന്നതെന്ന് പോലീസ് രേഖകള്‍ പറയുന്നു. യശ്വന്ത്പൂരില്‍ നിന്ന് ഏകദേശം 4-5 കിലോമീറ്റര്‍ അകലെയുള്ള മതിക്കെരെയിലുള്ള മുനിരത്‌നയുടെ ഓഫീസില്‍ വെച്ചാണ് ആക്രമണം നടന്നതെന്ന് ബിജെപി പ്രവര്‍ത്തകയാണെന്ന് സ്വയം പരിചയപ്പെടുത്തുന്ന സ്ത്രീ ആരോപിച്ചു. വ്യാജമായി ചുമത്തിയ ക്രിമിനല്‍ കേസുകള്‍ റദ്ദാക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് എംഎല്‍ എയുടെ സഹായികള്‍ തന്നെ ഓഫീസില്‍ എത്തിക്കുകയായിരുന്നു.ഓഫീസിനുള്ളില്‍ കയറിയ തന്നെ എംഎല്‍ എയും കൂട്ടാളികളും ചേര്‍ന്ന് നഗ്‌നയാക്കിയെന്നും മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും തുടര്‍ന്ന് കൂട്ടബലാല്‍സംഗത്തിരയാക്കിയതായും പരാതിക്കാരി ആരോപിക്കുന്നു. സംഭവത്തിനിടെ മുറിയിലെത്തിയ അജ്ഞാതന്‍ മുനിരത്‌നയ്ക്ക് ഒരു വെളുത്ത പെട്ടി നല്‍കി, അതില്‍ നിന്ന് ഒരു സിറിഞ്ച് എടുത്ത് അജ്ഞാതമായ ഒരു പദാര്‍ത്ഥം തന്റെ മേല്‍ കുത്തിവച്ചതായും എഫ്ഐആറില്‍ പറയുന്നു.
ഈ വര്‍ഷം ജനുവരിയില്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഭേദമാക്കാനാവാത്ത വൈറസ് കണ്ടെത്തിയതായും സ്ത്രീ പറഞ്ഞു. ലൈംഗികാതിക്രമത്തിനിടെ നല്‍കിയ കുത്തിവയ്പ്പാണ് ഇതിന് കാരണമെന്ന് അവര്‍ വിശ്വസിക്കുന്നു. മെയ് 19 ന് ഗുളികകള്‍ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്നാണ് പോലീസിനെ സമീപിക്കാന്‍ തീരുമാനിച്ചത്. ബിജെപി പ്രവര്‍ത്തനങ്ങള്‍ക്കിടെ മുനിരത്‌ന തന്നോട് പക പുലര്‍ത്തിയിരുന്നതായും പീനിയ, ആര്‍എംസി യാര്‍ഡ് പോലീസ് സ്റ്റേഷനുകളില്‍ തനിക്കെതിരെ വ്യാജ പരാതികള്‍ നല്‍കാന്‍ എംഎല്‍എ മറ്റുള്ളവരെ സ്വാധീനിച്ചതായും സ്ത്രീ അവകാശപ്പെട്ടു. പരാതികള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുനിരത്‌നയുടെ മൂന്ന് കൂട്ടാളികളുടെ പേരുകളും പുറത്തുവന്നിട്ടുണ്ട്, നാലാമത്തെ പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. കര്‍ണാടക നിയമസഭാ സ്പീക്കര്‍ മുനിരത്‌നയ്‌ക്കെിരേ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കിയിരുന്നു. ഈ കേസിന് പുറമേയാണ് പുതിയ എഫ്ഐആര്‍.
മുനിരത്‌നയ്ക്കെതിരേ ഇതിനു മുമ്പും ബലാത്സംഗ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. 2024 സെപ്റ്റംബറില്‍, മറ്റൊരു സ്ത്രീ ബലാത്സംഗത്തിന് ഇരയാക്കിയതായി മുനിരത്‌നയ്‌ക്കെതിരേ പരാതി നല്‍കിയിരുന്നു. ക്രിമിനല്‍ ഗൂഢാലോചനകള്‍ക്ക് ഇയാള്‍ നിര്‍ബന്ധിച്ചതായും എച്ച്‌ഐവി ബാധിതരായ സ്ത്രീകളെ ഉപയോഗിച്ച് രാഷ്ട്രീയക്കാരെ ഹണി ട്രാപ്പില്‍ കുടുക്കിയതായും അന്ന് അവര്‍ ആരോപിച്ചിരുന്നു. ആ കേസുമായി ബന്ധപ്പെട്ട് 2024 സെപ്റ്റംബര്‍ 19-ന് കഗ്ഗലിപുര പോലീസ് സ്റ്റേഷനില്‍ ഒരു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.