റാങ്ക് ലിസ്റ്റ് കാലാവധി 19ന് അവസാനിക്കാനിരിക്കെ, നിയമനം വൈകിപ്പിക്കുന്നതിനെതിരെ വനിതാ സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന സമരം ഇന്ന് പത്താം ദിനത്തിലേക്ക്. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലും സിപിഒ ഉദ്യോഗാര്‍ഥികളോടുള്ള അനുകൂല പരാമര്‍ശം ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഉദ്യോഗാര്‍ഥികള്‍ സമരമുറകള്‍ കടുപ്പിച്ചത്.
എല്ലാം ഞങ്ങളുടെ തെറ്റ്. കഷ്ടപ്പെട്ട് പഠിച്ചതും പരീക്ഷ എഴുതിയും മെഡിക്കല്‍ ടെസ്റ്റിന് ഹാജരായതും റാങ്ക് ലിസ്റ്റില്‍ ഇടംനേടിയതും നിയമനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചതുമെല്ലാം സ്വന്തം തെറ്റെന്ന് ഏറ്റുപറഞ്ഞ് വനിതാ സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സ്. സെക്രട്ടേറിയറ്റിനു മുന്‍പിലെ സമരപ്പന്തലില്‍ കണ്ണു മൂടിക്കെട്ടി, കയ്യില്‍ റാങ്ക് ലിസ്റ്റുമേന്തി, ഏത്തമിട്ട് ഉദ്യോഗാര്‍ഥികള്‍. റാങ്ക് ലിസ്റ്റ് കാലാവധി 19ന് അവസാനിക്കാനിരിക്കെ, നിയമനം വൈകിപ്പിക്കുന്നതിനെതിരെ വനിതാ സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന സമരം പത്താം ദിവസത്തിലേക്ക്. വിഷയം മന്ത്രിസഭ ചര്‍ച്ചയ്ക്കായി പരിഗണിക്കാത്ത സാഹചര്യത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം രാത്രി മുതല്‍ യു.പ്രിയ, സ്‌നേഹ കുഞ്ഞുമോന്‍ എന്നിവര്‍ നിരാഹാര സമരം തുടങ്ങി.2023ല്‍ പ്രസിദ്ധീകരിച്ച 965 പേരുടെ ലിസ്റ്റില്‍ 815 പേര്‍ക്കും 2022ലെ ലിസ്റ്റില്‍ 757 പേര്‍ക്കും നിയമനം നടത്തിയിരുന്നു. 2024ലെ 967 പേരുടെ ലിസ്റ്റില്‍ 292 പേര്‍ക്കു മാത്രമാണ് നിയമനം ലഭിച്ചത്.നിലവില്‍ 570 തസ്തികകളില്‍ ഒഴിവുണ്ട്. അതില്‍ 350 എങ്കിലും നിയമനം നടത്തണമെന്നാണ് ഇവരുടെ ആവശ്യം. 19ന് ലിസ്റ്റിന്റെ കാലാവധി അവസാനിക്കും.
സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സമരവേദിയിലെത്തിരുന്നു. നിലവിലെ നിയമന മരവിപ്പിക്കലിനെക്കുറിച്ച് മുഖ്യമന്ത്രിയോട് നേരിട്ട് സംസാരിച്ചിരുന്നതായും വനിതാ പുരുഷ പൊലീസ് റാങ്ക് ലിസ്റ്റിന്റെ കാര്യം പരിശോധിക്കാമെന്ന് പറഞ്ഞിരുന്നതായും അദ്ദേഹം അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സമരവേദിയില്‍ കുഴഞ്ഞുവീണ തൃശൂര്‍ സ്വദേശി സി.എസ്.ഹസീനയെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് ഇടപെട്ട് ആംബുലന്‍സ് ഏര്‍പ്പാടാക്കിയെങ്കിലും സെക്രട്ടേറിയറ്റിനുമുന്നില്‍ മറ്റ് സമരങ്ങളും പ്രകടനങ്ങളും കാരണം ആംബുലന്‍സിന് എത്താന്‍ കഴിഞ്ഞില്ല. രമേശ് ചെന്നിത്തല ഇടപെട്ട്, അദ്ദേഹമെത്തിയ വാഹനത്തിലാണ് ഉദ്യോഗാര്‍ഥിയെ ആശുപത്രിയിലെത്തിച്ചത്.