രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസ് വിധി; ജഡ്ജിക്കെതിരെ ഭീഷണി മുഴക്കിയ മൂന്നു പേർ അറസ്റ്റില്‍

Jaihind Webdesk
Thursday, February 1, 2024

 

ആലപ്പുഴ: ബിജെപി നേതാവ് രൺജിത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ 3 പേർ അറസ്റ്റിൽ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളും തിരുവനന്തപുരം പോത്തൻകോട് സ്വദേശിയുമാണ് പിടിയിലായത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയായിരുന്നു മാവേലിക്കര അഡീഷണല്‍ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിക്കെതിരെഅധിക്ഷേപവും ഭീഷണിയും നടത്തിയത്.

2021 ഡിസംബർ 19 നാണ് ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വെച്ച് ബിജെപി നേതാവ് രൺജിത്തിനെ കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിലാണ് 15 പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. തലേന്ന് എസ്ഡിപിഐ നേതാവ് കെ.എസ്. ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമായിരുന്നു രൺജിത്തിനെ കൊലപ്പെടുത്തിയത്. ശിക്ഷാവിധിക്ക് പിന്നാലെയാണ് ജഡ്ജിക്കെതിരെ ഭീഷണി മുഴക്കിയത്.

ഭീഷണിയുടെ പശ്ചാത്തലത്തിൽ ജഡ്ജിക്ക് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ക്വാർട്ടേഴ്‌സിൽ ഉൾപ്പെടെ ജഡ്ജിക്ക് എസ്ഐ അടക്കം 5 പോലീസുകാരുടെ കാവലാണുള്ളത്. രണ്‍ജിത് ശ്രീനിവാസ് വധക്കേസിൽ രണ്ടാം ഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. 20 പ്രതികളാണ് രണ്ടാം ഘട്ടത്തിലുള്ളത്. തെളിവ് നശിപ്പിക്കല്‍, പ്രതികളെ ഒളിവിൽ പാർപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. രണ്‍ജിത് ശ്രീനിവാസന്‍റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്കും ഗൂഢാലോനയില്‍ ഉള്‍പ്പെട്ടവർക്കും എതിരെയാണ് ആദ്യ ഘട്ടത്തില്‍ കുറ്റപത്രം സമർപ്പിച്ചത്.