രഞ്ജി ട്രോഫി സെമി: ഗുജറാത്തിനെതിരെ കേരളം ഭേദപ്പെട്ട നിലയില്‍

Jaihind News Bureau
Monday, February 17, 2025

Translator

 

അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനലിന്റെ ആദ്യ ദിനം അവസാനിച്ചപ്പോള്‍ ഗുജറാത്തിനെതിരെ കേരളം ഭേദപ്പെട്ട നിലയിലാണ്. ഗുജറാത്തിനെതിരെ ടോസ് നേടി കേരളം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ദിനം പിന്നിടുമ്പോള്‍ കേരളം നാലു വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെന്ന നിലയിലാണ് . 69 റണ്‍സോടെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും 30 റണ്‍സുമായി മുഹമ്മദ് അസറുദ്ദീനും ക്രീസിലുണ്ട് എന്നത് ആശ്വാസമാണ്. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ സച്ചിന്‍ ബേബിയും മുഹമ്മദ് അസറുദ്ദീനും ചേന്‍ന്ന് 49 റണ്‍സ് ചേര്‍ത്തു വച്ചിട്ടുണ്ട്.

ഓപ്പണിംഗ് കൂട്ടുകെട്ടില്‍ രോഹന്‍ കുന്നുമ്മലും അക്ഷയ് ചന്ദ്രനും ചേര്‍ന്ന് 60 റണ്‍സടിച്ച് കേരളത്തിന് നല്ല തുടക്കമാണ് നല്‍കിയത്. എന്നാല്‍ നിലയുറപ്പിച്ചെന്ന് കരുതിയ ആ കൂട്ടുകെട്ട് പിരിച്ചുകൊണ്ട് അക്ഷയ് ചന്ദ്രന്‍ 71 പന്തില്‍ 30 റണ്‍സെടുത്ത് റണ്ണൗട്ടായി. അങ്ങനെ കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി . പിന്നാലെ 68 പന്തില്‍ 30 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലിനെ രവി ബിഷ്‌ണോയ് വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോല്‍ രണ്ടാം വിക്കറ്റും നഷ്ടമായി. പിന്നീട് 55 പന്തില്‍ 10 റണ്‍സെടുത്ത വരുണ്‍ നായനാരെ പ്രീയാജിത്സിംഗ് ജഡേജ പുറത്താക്കി. ഇതോടെ 86-3 എന്ന നിലയില്‍ പതറി നിന്ന കേരളത്തെ നാലാം വിക്കറ്റില്‍ 71 റണ്‍സ് കൂട്ടുകെട്ടിലൂടെ ജലജ് സക്‌സേന-സച്ചിന്‍ ബേബി സഖ്യം പിടിച്ചു കയറ്റുകയായിരുന്നു. എന്നാല്‍ ആ കൂട്ടുകെട്ടും നാഗ്വസ്വാല തകര്‍ത്തു. 83 പന്തില്‍ 30 റണ്‍സെടുത്ത ജലജ് സക്‌സേനയെ നാഗ്വസ്വാല പുറത്താക്കി.

ജമ്മു കശ്മീരിനെതിരെ ക്വാര്‍ട്ടര്‍ മത്സരം കളിച്ച ടീമില്‍ നിന്നും കേരളം രണ്ട് മാറ്റങ്ങളുമായാണ് ഇന്ന് മല്‍സരത്തിനിറങ്ങിയത്. ബാറ്റര്‍ ഷോണ്‍ റോജര്‍ക്ക് പകരം വരുണ്‍ നായനാരും പേസര്‍ ബേസില്‍ തമ്പിക്ക് പകരം അഹമ്മദ് ഇമ്രാനും ഇന്ന് കേരളത്തിന് വേണ്ടി ഇറങ്ങി.

പ്ലേയിംഗ് ഇലവന്‍

കേരളം ടീം: അക്ഷയ് ചന്ദ്രന്‍, രോഹന്‍ കുന്നുമ്മല്‍, അഹമ്മദ് ഇമ്രാന്‍, സച്ചിന്‍ ബേബി(ക്യാപ്റ്റന്‍), ജലജ് സക്സേന, വരുണ്‍ നായനാര്‍, സല്‍മാന്‍ നിസാര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, ആദിത്യ സര്‍വതെ, എം.ഡി. നിധീഷ്, എന്‍ പി ബേസില്‍.

ഗുജറാത്ത് ടീം: പ്രിയങ്ക് പഞ്ചാല്‍, ആര്യ ദേശായി, സിദ്ധാര്‍ത്ഥ് ദേശായി, മനന്‍ ഹിംഗ്രാജിയ, ജയ്മീത് പട്ടേല്‍, ഉര്‍വില്‍ പട്ടേല്‍, ചിന്തന്‍ ഗജ(ക്യാപ്റ്റന്‍), വിശാല്‍ ജയ്സ്വാള്‍, രവി ബിഷ്നോയ്, അര്‍സന്‍ നാഗ്വാസ്വല്ല, പ്രിയജിത്സിംഗ് ജഡേജ.