അഹമ്മദാബാദ്: കേരള ടീമിന് രഞ്ജി ക്രിക്കറ്റില്‍ വീണ്ടും ചരിത്രമാകാനുള്ള അവസരത്തിന് ഇന്ന് തുടക്കം. 2018-19 സീസണിൽ വിദർഭയോട് പരാജയപ്പെട്ട ശേഷം, കേരളം രണ്ടാം തവണയാണ് രഞ്ജി ട്രോഫി സെമിഫൈനലിൽ പ്രവേശിക്കുന്നത്. 2016-17 സീസണിൽ കിരീടം നേടിയ ഗുജറാത്ത് അവസാനമായി സെമിയിലെത്തിയത് 2019-20 സീസണിലായിരുന്നു.
ഈ സീസണിൽ കേരളത്തിന്‍റെ പ്രകടനത്തിൽ വലിയ മാറ്റം കൊണ്ടുവന്നത് പുതിയ പരിശീലകനായ അമേയ് ഖുറേസിയയുടെ തന്ത്രങ്ങൾക്കും ടീം അംഗങ്ങളുടെ ഏകോപിതമായ പ്രകടനത്തിനുമാണ്. കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ ശക്തരുള്ള ഗ്രൂപ്പ് സിയിൽനിന്ന് കേരളം നോക്കൗട്ടിലേക്ക് കടന്നത് അതിന്‍റെ ഉദാഹരണമാണ്.
അവസാന ഘട്ടങ്ങളിൽ സൽമാൻ നിസാറിന്‍റെ ബാറ്റിങ് മികവും നിലയുറപ്പിക്കലും ടീമിന് നിർണായകമാകും. സൽമാൻ നിസാർ തുടർച്ചയായ രണ്ട് മത്സരങ്ങളിലും സെഞ്ചുറി നേടിയത് ടീമിന്‍റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ, മുഹമ്മദ് അസ്ഹറുദ്ദീൻ, നിധീഷ് എം.ഡി, ജലജ് സക്സേന, അക്ഷയ് ചന്ദ്രൻ എന്നിവരും മികച്ച ഫോമിലാണ്.
ടോസ് നേടിയ കേരളം ബാറ്റിങ് തെരഞ്ഞെടുത്തു. യുവതാരമായ ഷോൺ റോജർ ഇന്ന് ടീമില്‍ ഉണ്ടാവില്ല. പരിക്കേറ്റ ബേസിൽ തമ്പിയും സെമി മത്സരം കളിക്കാന്‍ ഉണ്ടാകില്ല. പകരക്കാരായി വരുൺ നായനാരും അഹമ്മദ് ഇമ്രാനും ടീമില്‍ ഇടം നേടി. രണ്ട് പേരുടെയും അരങ്ങേറ്റ മത്സരമാണ്. ആറു വർഷം മുമ്പ് സെമിവരെ എത്തിയിട്ടും സ്വന്തമാക്കാന്‍ സാധിക്കാത്ത കിരീടം നാട്ടിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരളം ഇന്ന് കളത്തിലിറങ്ങുന്നത്. സച്ചിൻ ബേബി നയിക്കുന്ന കേരളം ഇത്തവണ സെമിപ്രവേശം സാധ്യമാക്കിയത് ഒരു പിടി മികച്ച താരങ്ങളുമായിട്ടാണ്. ഈ കരുത്തോടെ സെമിഫൈനലിൽ കേരളം ചരിത്രം തിരുത്തുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകർ.