രഞ്ജി ട്രോഫി: ഹിമാചലിനെ വീഴ്ത്തി കേരളം ക്വാര്‍ട്ടറില്‍

Jaihind Webdesk
Thursday, January 10, 2019

രഞ്ജി ട്രോഫിയിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ ഹിമാചല്‍ പ്രദേശിനെ കീഴടക്കി കേരളം ക്വാര്‍ട്ടറില്‍. ഹിമാചല്‍ ഉയര്‍ത്തിയ 297 വിജയലക്ഷ്യത്തിന് മുന്നില്‍ പതറാതെ പൊരുതിയ കേരളം അഞ്ച് വിക്കറ്റിനാണ് ഹിമാചലിനെ അടിയറവ് പറയിച്ചത്. ജയത്തോടെ കേരളം ക്വർട്ടർ ബെർത്തിലേക്ക് മുന്നേറി. തുടർച്ചയായി ഇത് രണ്ടാം തവണയാണ് കേരളം രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിന് യോഗ്യത നേടുന്നത്.

നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ ഹിമാല്‍ 297 റണ്‍സ് നേടിയപ്പോള്‍ കേരളം 286 റണ്‍സിന്  എല്ലാവരും പുറത്തായി. രണ്ടാം ഇന്നിംഗ്‌സില്‍ ഹിമാചല്‍ എട്ട് വിക്കറ്റിന് 285 എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തതോടെ കേരളത്തിന്‍റെ വിജയലക്ഷ്യം 297 ആയി നിശ്ചയിക്കപ്പെട്ടു. ജയത്തോടെ അടുത്ത റൗണ്ടിലേക്ക് എത്താനുള്ള സാധ്യതയും കേരളം നിലനിര്‍ത്തി.

ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും (134 പന്തില്‍ 92) വിനൂപ് മനോഹരന്‍റെയും (143 പന്തില്‍ 96) മികച്ച പ്രകടനമാണ് കേരളത്തിന് വിജയമൊരുക്കിയത്. 53 പന്തില്‍ 61 റണ്‍സ് നേടി പുറത്താകാതെ നിന്ന സഞ്ജുവിന്‍റെ  മികച്ച പ്രകടനവും കേരളത്തിന്‍റെ ജയത്തില്‍ നിര്‍ണായകമായി. നാല് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെയായിരുന്നു സഞ്ജുവിന്‍റെ പ്രകടനം.

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 205 എന്ന ശക്തമായ നിലയില്‍ നിന്ന് പിന്നീട് കേരളം തിരിച്ചടി നേരിട്ടു. രണ്ട് വിക്കറ്റുകള്‍ കേരളത്തിന് തുടരെ നഷ്ടമായി.  വിനൂപ് മനോഹരന്‍റെയും മുഹമ്മദ് അസ്ഹറുദീന്‍റെയും വിക്കറ്റുകളാണ് അടുത്തടുത്ത് നഷ്ടമായത്.  റണ്‍സൊന്നും എടുക്കാതെയായിരുന്നു അസ്ഹറുദ്ദീന്‍റെ മടക്കം. ഇതോടെ തകരുമെന്ന് തോന്നിപ്പിച്ചെങ്കിലും സച്ചിന്‍ ബേബിയുടെയും സഞ്ജുവിന്‍റെയും പോരാട്ടം കേരളത്തെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു.

ശക്തമായി തുടങ്ങിയ ഹരിയാനയുടെ രണ്ടാം ഇന്നിംഗ്സ് പിന്നീട് കേരളാ ബൌളര്‍മാരുടെ മുന്നില്‍ തകരാന്‍ തുടങ്ങി. തുടര്‍ന്ന് എട്ടിന് 285 എന്ന നിലയില്‍ അവര്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.കേരളത്തിനായി സിജോമോന്‍ ജോസഫ് നാലും ബേസില്‍ തമ്പി രണ്ടും വിനൂപ് മനോഹരന്‍, സന്ദീപ് വാരിയര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

96 റണ്‍സ് നേടുകയും ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത വിനൂപ് മനോഹരനാണ് പ്ലേയര്‍ ഓഫ് ദ മാച്ച്.