തഹാവൂര്‍ റാണയുടെ അറസ്റ്റ് NIA രേഖപ്പെടുത്തി; കോടതിയില്‍ ഹാജരാക്കുന്നത് ഓണ്‍ലൈന്‍ വഴി ; അതീവ സുരക്ഷയില്‍ രാജ്യതലസ്ഥാനം

Jaihind News Bureau
Thursday, April 10, 2025

മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരന്‍ തഹാവൂര്‍ റാണയെ ഡല്‍ഹിയിലെത്തിച്ചു. കനത്ത സുരക്ഷയിലാണ് രാജ്യതലസ്ഥാനം. അറസ്റ്റ് രേഖപ്പെടുത്തി NIA ആസ്ഥാനത്തേക്ക് കൊണ്ടുപോകും. ശേഷം ഓണ്‍ലൈനായിട്ടാകും കോടതിയില്‍ ഹാജരാക്കുക. റാണയെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് പാലം വിമാനത്താവളത്തിലെത്തിച്ചത്.

പാക്കിസ്ഥാന്‍ വംശജനായ കനേഡിയന്‍ വ്യവസായി തഹാവൂര്‍ റാണയെ കൈമാറണെന്ന് ആവശ്യപ്പെട്ട് ഇന്ത്യ അമേരിക്കയ്ക്ക് അപേക്ഷ നല്‍കിയത് 2019ലാണ്. ഡൊണള്‍ഡ് ട്രംപ് നരേന്ദ്ര മോദി കൂടിക്കാഴ്ചയിലും ഈ വിഷയം ചര്‍ച്ചയായി. ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ തഹാവുര്‍ റാണ അമേരിക്കയിലെ വിവിധ കോടതികളില്‍ അപേക്ഷ നല്‍കിയിരുന്നു. ഇവ തള്ളിയതോടെ കഴിഞ്ഞ നവംബറില്‍ റാണ അമേരിക്കന്‍ സുപ്രീംകോടതിയെ സമീപിച്ചു. ഇന്ത്യയില്‍ എത്തിയാല്‍ മതത്തിന്റെ പേരില്‍ തന്നെ പീഡിപ്പിക്കുമെന്ന് റാണ യുഎസ് സുപ്രീംകോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ അപേക്ഷ തള്ളിയ അമേരിക്കന്‍ സുപ്രീംകോടതി 2025 ജനുവരി 25ന് റാണയെ ഇന്ത്യയ്ക്ക് കൈമാറാന്‍ അനുമതി നല്‍കി.

2008 നവംബര്‍ 26 നുണ്ടായ മുംബൈ ഭീകരാക്രമണം നടപ്പാക്കാന്‍ അമേരിക്കന്‍ പൗരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിക്ക് എല്ലാ സഹായവും നല്‍കിയത് തഹാവൂര്‍ റാണയാണെന്നാണ് എന്‍ഐഎ കണ്ടെത്തിയിരുന്നു. 6 അമേരിക്കന്‍ വംശജര്‍ ഉള്‍പ്പടെ 166 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2008ല്‍ മുംബൈ ഭീകരാക്രമണം നടക്കുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ റാണ മുംബൈയില്‍ ഉണ്ടായിരുന്നു. റാണ ഇന്ത്യ വിട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് ഭീകരാക്രമണം നടക്കുന്നത്. ഭീകരബന്ധക്കേസില്‍ 2009 ല്‍ ഷിക്കാഗോയില്‍ അറസ്റ്റിലായ റാണ, യുഎസിലെ ലൊസാഞ്ചലസ് ജയിലിലായിരുന്നു.