രമ്യഹരിദാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു

Jaihind Webdesk
Monday, April 29, 2019

ആലത്തൂര്‍: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറാന്‍ അനുവദിക്കണമെന്ന് പാര്‍ട്ടി നേതൃത്വത്തോട് രമ്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

19 അംഗ ഭരണസമിതിയില്‍ യുഡിഎഫിന് പത്തും എല്‍ഡിഎഫിന് ഒമ്പതും അംഗങ്ങളാണുളളത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രമ്യ ജയിച്ചാല്‍ ബ്ലോക്ക് പ്രസിഡന്റ് പദവിയും ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും ഒഴിയേണ്ടി വരും. അപ്പോള്‍ ബ്ലോക്ക് കക്ഷി നില ഒമ്പതു വീതമാകും. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തുല്യനില വരുകയും നറുക്കെടുപ്പ് ആവശ്യമായി വരുകയും ചെയ്യും.

ഇപ്പോള്‍ രാജിവെച്ചാല്‍ ലോക്‌സഭ ഫലപ്രഖ്യാപനത്തിന് മുമ്പേ ബ്ലോക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും. രമ്യയ്ക്ക് അതുവരെ അംഗത്വം നിലനിര്‍ത്തുകയും വോട്ടു ചെയ്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ജയം ഉറപ്പിക്കുകയുമാകാമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജിവച്ചിരിക്കുന്നത്.