‘ആദ്യം മനസിൽ കുറിച്ചിട്ട പദ്ധതി, സന്തോഷം..അഭിമാനം’ ; കുതിരാന് വേണ്ടിയുള്ള ഇടപെടലുകള്‍ ഓര്‍മ്മിച്ച് രമ്യ ഹരിദാസ്, കുറിപ്പ്

Jaihind Webdesk
Saturday, July 31, 2021

കുതിരാന്‍ തുരങ്കം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തതിനുപിന്നാലെ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനുവേണ്ടി നടത്തിയ പ്രയത്‌നങ്ങള്‍ ഓര്‍മ്മിപ്പിച്ച് രമ്യ ഹരിദാസ് എം.പി. ടി.എന്‍ പ്രതാപന്‍ എം.പിയോടൊപ്പം നിരവധി തവണയാണ് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്ന് രമ്യ ഹരിദാസ് ഫേസ്ബുക്കില്‍ കുറിച്ചു.

സംസ്ഥാന സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട പരിസ്ഥിതി വകുപ്പിന്റെ കത്തിടപാടുകള്‍ ലഭിക്കാനുണ്ടായ കാലതാമസമാണ് തുരങ്കനിര്‍മ്മാണം നീണ്ടുപോകാന്‍ കാരണം. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ പലരും ക്രെഡിറ്റ് എടുക്കാന്‍ തിരക്ക് കൂട്ടുന്നതില്‍ അദ്ഭുതപ്പെടേണ്ടതില്ലെന്ന് രമ്യ കുറിച്ചു.

‘ആറുമാസംകൊണ്ട് കണ്ണൂർ വിമാനത്താവളം മുതൽ കൊച്ചി മെട്രോ വരെ നടപ്പിലാക്കി ഉദ്ഘാടനം നടത്തിയവർ രണ്ടുമാസംകൊണ്ട് തുരങ്കം നിർമ്മാണം നടത്തി ഉദ്ഘാടനം ചെയ്യുന്നതിൽ അതിശയോക്തിയില്ല. അതുകൊണ്ടുതന്നെ യാതൊരു ക്രെഡിറ്റും പ്രതീക്ഷിച്ചല്ല ഈയൊരു ഉദ്യമം പൂർത്തീകരിക്കാൻ സമ്മർദ്ദം ചെലുത്തിയതും മുന്നിട്ടിറങ്ങിയതും.
തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു കുതിരാൻ. ആദ്യഘട്ടമാണ് തുറന്നതെങ്കിലും നിർമ്മാണം പൂർത്തീകരിക്കാൻ ആയതിൽ സന്തോഷം.. അഭിമാനം..’- രമ്യ ഹരിദാസ് കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

ആലത്തൂർ എത്തിയ മുതൽ കേൾക്കുന്ന പേരാണ് കുതിരാൻ..
ആദ്യം മനസ്സിൽ കുറിച്ചിട്ട പദ്ധതിയും കുതിരാൻ തുരങ്ക നിർമ്മാണ പൂർത്തീകരണം…
കുതിരാൻ തുരങ്കം ഉൾപ്പെടുന്ന തൃശ്ശൂരിലെ പ്രിയപ്പെട്ട എം.പി ടി. എൻ. പ്രതാപനോടൊപ്പം നിരവധി തവണയാണ് കേന്ദ്രസർക്കാരിൽ ഇതുമായി ബന്ധപ്പെട്ട് സമ്മർദ്ദം ചെലുത്തിയിട്ടുള്ളത്.
രണ്ടുവർഷം മുമ്പ് അനുവദിച്ച തുക അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി തുരങ്ക നിർമ്മാണം കരാറെടുത്ത കമ്പനി നിർത്തിവെച്ചു.ഇതുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെ അദ്ദേഹത്തിന്റെ ചേമ്പറിൽ പോയി കാണുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു.തുടർന്ന് കേന്ദ്രസർക്കാർ കൂടുതൽ തുക അനുവദിച്ചതോടുകൂടിയാണ് നിർമ്മാണം പുനരാരംഭിച്ചതും വേഗം വെച്ചതും.സബ്മിഷനിലൂടെയും ചോദ്യങ്ങളിലൂടെയും നിരവധി തവണ കേന്ദ്ര സർക്കാരിന്റെ മുന്നിൽ തുരങ്കത്തിലെ നിർമ്മാണം സജീവമാക്കി നിർത്താൻ സാധിച്ചു.കേരളത്തിൽ നിന്നുള്ള എല്ലാ എം.പിമാരും കക്ഷി രാഷ്ട്രീയത്തിനപ്പുറം ആത്മാർത്ഥമായി ഇതിന്റെ പിന്നിൽ സഹകരിച്ചിട്ടുണ്ട്.
പൂർണമായും കേന്ദ്ര സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കുതിരാൻ തുരങ്കത്തിന്റെ ആദ്യഘട്ടം വാഹനത്തിന് തുറന്നു കൊടുക്കുമ്പോൾ ബഹുമാനപ്പെട്ട കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ശ്രീ.നിധിൻ ഗഡ്കരി,കേന്ദ്ര സഹമന്ത്രി ശ്രീ. വി മുരളീധരൻ എന്നിവർ വിവിധഘട്ടങ്ങളിൽ സഹകരിച്ചത് നന്ദിയോടെ സ്മരിക്കുന്നു.
സംസ്ഥാന സർക്കാരിൽ നിന്നും ലഭിക്കേണ്ട പരിസ്ഥിതി വകുപ്പിന്റെ കത്തിടപാടുകൾ ലഭിക്കാൻ ഉണ്ടായ കാലതാമസം ആയിരുന്നു തുരങ്ക നിർമാണം ഇത്രയധികം നീണ്ടുപോകാൻ ഒരു കാരണം.നിർമാണം പൂർത്തിയാകുമ്പോൾ പലരും ക്രെഡിറ്റ് എടുക്കാൻ തിരക്ക് കൂട്ടുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല.ആറുമാസംകൊണ്ട്
കണ്ണൂർ വിമാനത്താവളം മുതൽ കൊച്ചി മെട്രോ വരെ നടപ്പിലാക്കി ഉദ്ഘാടനം നടത്തിയവർ രണ്ടുമാസംകൊണ്ട് തുരങ്കം നിർമ്മാണം നടത്തി ഉദ്ഘാടനം ചെയ്യുന്നതിൽ അതിശയോക്തിയില്ല .അതുകൊണ്ടുതന്നെ യാതൊരു ക്രെഡിറ്റും പ്രതീക്ഷിച്ചല്ല ഈയൊരു ഉദ്യമം പൂർത്തീകരിക്കാൻ സമ്മർദ്ദം ചെലുത്തിയതും മുന്നിട്ടിറങ്ങിയതും.
തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു കുതിരാൻ.ആദ്യഘട്ടമാണ് തുറന്നതെങ്കിലും നിർമ്മാണം പൂർത്തീകരിക്കാൻ ആയതിൽ സന്തോഷം.. അഭിമാനം..
രാഷ്ട്രീയത്തിനപ്പുറം സംസ്ഥാനത്തിന്റെ വികസനത്തിന് ഒന്നിച്ചുനിന്ന എല്ലാവർക്കും അഭിവാദ്യങ്ങൾ..