ന്യൂഡല്‍ഹി: സ്‌കൂളില്‍ പോകാന്‍ കഴിയാത്ത പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ച ‘എഡ്യൂക്കേറ്റ് ഗേള്‍സ്’ (Educate Girls) എന്ന സര്‍ക്കാരിതര സംഘടനയ്ക്ക് 2025-ലെ രാമണ്‍ മാഗ്‌സസെ പുരസ്‌കാരം. ഈ ബഹുമതിക്ക് അര്‍ഹമാകുന്ന ആദ്യത്തെ ഇന്ത്യന്‍ സംഘടനയാണ് ‘എഡ്യൂക്കേറ്റ് ഗേള്‍സ്’ . വ്യക്തികള്‍ക്ക് മുമ്പ് ഇന്ത്യയില്‍ നിന്ന് ഈ പുരസ്‌കാരം ലഭിച്ചിട്ടുണ്ടെങ്കിലും, ഒരു ഇന്ത്യന്‍ സംഘടനയ്ക്ക് ഇത് ആദ്യമായാണ് ലഭിക്കുന്നത്.
ഏഷ്യയുടെ നോബല്‍ സമ്മാനം എന്നറിയപ്പെടുന്ന രാമണ്‍ മാഗ്‌സസെ പുരസ്‌കാരം, ഏഷ്യയിലെ ജനങ്ങള്‍ക്കായി അസാധാരണമായ ധൈര്യവും നിസ്വാര്‍ത്ഥ സേവനവും പ്രകടിപ്പിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുന്നു. പെണ്‍കുട്ടികളുടെയും യുവതികളുടെയും വിദ്യാഭ്യാസത്തിലൂടെ സാംസ്‌കാരിക മുന്‍വിധികള്‍ ഇല്ലാതാക്കാനും നിരക്ഷരതയില്‍ നിന്ന് അവരെ മോചിപ്പിക്കാനും, അതുവഴി അവരുടെ മുഴുവന്‍ സാധ്യതകളും തിരിച്ചറിയാനുള്ള കഴിവുകളും ധൈര്യവും സ്വാശ്രയത്വവും വളര്‍ത്താനുമുള്ള പ്രതിബദ്ധത കണക്കിലെടുത്താണ് ‘എഡ്യൂക്കേറ്റ് ഗേള്‍സി’നെ ഈ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തതെന്ന് രാമണ്‍ മാഗ്‌സസെ അവാര്‍ഡ് ഫൗണ്ടേഷന്‍ (RMAF) അറിയിച്ചു.
മാലദ്വീപില്‍ നിന്നുള്ള ഷാഹിന അലി (പരിസ്ഥിതി പ്രവര്‍ത്തനം), ഫിലിപ്പീന്‍സില്‍ നിന്നുള്ള ഫ്‌ലാവിയാനോ അന്റോണിയോ എല്‍ വില്ലാനുവേവ (ദരിദ്രരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും ഉന്നമിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍) എന്നിവരാണ് മറ്റ് 2025 ലെ പുരസ്‌കാര ജേതാക്കള്‍. ഓരോ പുരസ്‌കാര ജേതാവിനും പ്രസിഡന്റ് രാമണ്‍ മാഗ്‌സസെയുടെ രൂപം ആലേഖനം ചെയ്ത മെഡലിയന്‍, ഒരു പ്രശംസാപത്രം, കൂടാതെ ഒരു നിശ്ചിത തുക സമ്മാനമായി ലഭിക്കും. 67-ാമത് രാമണ്‍ മാഗ്‌സസെ അവാര്‍ഡ് ദാന ചടങ്ങ് നവംബര്‍ 7 ന് മനിലയിലെ മെട്രോപൊളിറ്റന്‍ തിയേറ്ററില്‍ നടക്കും.
ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ബിരുദധാരിയായ സഫീന ഹുസൈന്‍ ആണ് ‘എഡ്യൂക്കേറ്റ് ഗേള്‍സ്’ എന്ന സ്ഥാപനത്തിന്റെ സ്ഥാപക. സ്ത്രീ നിരക്ഷരത ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ സഫീന, 2007-ലാണ് ഈ സംഘടനയ്ക്ക് രൂപം നല്‍കിയത്.
‘രാജസ്ഥാനില്‍ ആരംഭിച്ച ‘എഡ്യൂക്കേറ്റ് ഗേള്‍സ്’, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന സമൂഹങ്ങളെ കണ്ടെത്തുകയും, സ്‌കൂളില്‍ പോകാത്തതോ സ്‌കൂള്‍ പഠനം നിര്‍ത്തിയതോ ആയ പെണ്‍കുട്ടികളെ ക്ലാസ് മുറികളിലേക്ക് കൊണ്ടുവരികയും, അവര്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടാനും തൊഴില്‍ നേടാനും ആവശ്യമായ യോഗ്യതകള്‍ നേടുന്നത് വരെ അവരെ അവിടെ നിലനിര്‍ത്താനും പ്രവര്‍ത്തിച്ചു,’ RMAF പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസ മേഖലയില്‍ ലോകത്തിലെ ആദ്യത്തെ ‘ഡെവലപ്മെന്റ് ഇംപാക്ട് ബോണ്ട്’ (DIB) 2015ല്‍ ‘എഡ്യൂക്കേറ്റ് ഗേള്‍സ്’ ആരംഭിച്ചു. സാമ്പത്തിക സഹായത്തെ അളക്കാവുന്ന ഫലങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുന്നതായിരുന്നു ഈ പദ്ധതി. ’50 പൈലറ്റ് ഗ്രാമീണ സ്‌കൂളുകളില്‍ നിന്ന് ആരംഭിച്ച ഈ പദ്ധതി, ഒടുവില്‍ ഇന്ത്യയിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളിലെ 30,000-ത്തിലധികം ഗ്രാമങ്ങളിലേക്ക് വ്യാപിച്ചു. രണ്ട് ദശലക്ഷത്തിലധികം പെണ്‍കുട്ടികള്‍ക്ക് ഇത് പ്രയോജനം ചെയ്തു, കൂടാതെ 90 ശതമാനത്തിലധികം കുട്ടികളെ സ്‌കൂളുകളില്‍ നിലനിര്‍ത്താനും സാധിച്ചു,’ ഫൗണ്ടേഷന്‍ വ്യക്തമാക്കി.
15-29 വയസ്സുള്ള യുവതികള്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനും ജീവിതകാലം മുഴുവന്‍ അവസരങ്ങള്‍ നേടാനും പ്രാപ്തരാക്കുന്ന ‘പ്രഗതി’ എന്ന ഓപ്പണ്‍-സ്‌കൂളിംഗ് പരിപാടിയും സംഘടന ആരംഭിച്ചു. 300 പഠിതാക്കളുമായി ആരംഭിച്ച ഈ പരിപാടി പിന്നീട് 31,500-ലധികം പേര്‍ക്ക് പ്രയോജനകരമായി.