മറ്റുള്ളവരുടെ വിഷമവും സമ്മർദ്ദവും സന്തോഷവുമെല്ലാം അവർ പറയാതെ മനസിലാക്കിയെടുക്കുന്നതിൽ വിജയിച്ച വ്യക്തി ; മാതൃദിനത്തില്‍ രമിത് ചെന്നിത്തലയുടെ കുറിപ്പ്

Jaihind Webdesk
Monday, May 10, 2021

അമ്മയെ കുറിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് രമേശ് ചെന്നിത്തലയുടെ മകൻ രമിത് ചെന്നിത്തല. അച്ഛൻ രാഷ്ട്രീയ തിരക്കുകളിലേക്ക് പോകുമ്പോൾ എപ്പോഴും കൂടെയുള്ളത് അമ്മയായിരുന്നെന്ന് രമിത് പറയുന്നു. രാവിലെ ഏഴുമണിക്ക് സ്‌കൂളിൽ കൊണ്ടു പോകുന്നതും തിരികെ കൊണ്ടുവരുന്നതും പാർലമെന്‍റിൽ അച്ഛനെ കൊണ്ടാക്കുന്നതും അമ്മയായിരുന്നു. സിൽവർ നിറത്തിലെ മാരുതി കാറോടിച്ച് ഡൽഹിയിലൂടെ എത്തുന്ന അമ്മയുടെ ചിത്രം ഇന്നും മനസിൽ തെളിഞ്ഞു നിൽക്കുന്നു. മാറിയ സാഹചര്യത്തോട് പൊരുത്തപ്പെടാൻ എന്നും മിടുക്കിയാണ്‌. ഏറ്റവും വലിയ ശക്തയെന്നോ ധീരയെന്നോ ക്ഷമാശാലിയെന്നോ അല്ല, മറ്റുള്ളവരുടെ വിഷമവും സമ്മർദ്ദവും സന്തോഷവുമെല്ലാം അവർ പറയാതെ മനസിലാക്കിയെടുക്കുന്നതിൽ വിജയിച്ച വ്യക്തി എന്നനിലയിലാണ് അമ്മയെ ഈ ദിനത്തിൽ കുറിക്കുന്നതെന്നും രമിത് പറഞ്ഞു.

രമിത് ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പ് :

ഏറ്റവും വലിയ ശക്തയെന്നോ ധീരയെന്നോ ക്ഷമാശാലിയെന്നോ അല്ല ,മറ്റുള്ളവരുടെ വിഷമവും സമ്മർദവും സന്തോഷവുമെല്ലാം അവർ പറയാതെ മനസിലാക്കിയെടുക്കുന്നതിൽ വിജയിച്ച വ്യക്തി എന്നനിലയിലാണ് അമ്മയെ ഈ ദിനത്തിൽ കുറിയ്ക്കുന്നത്. ഞങ്ങളുടെ സ്‌കൂൾ കാലഘട്ടം ഡൽഹിയിലായിരുന്നു. പാർലമെന്റിലും പാർട്ടി പരിപാടികളിലും മണ്ഡലത്തിലും തിരക്കുള്ള അച്ഛൻ കഴിയാവുന്ന സമയത്തെല്ലാം ഞങ്ങളുടെ കാര്യത്തിൽ ശ്രദ്ധ കാണിക്കാറുണ്ടെങ്കിലും എല്ലാ കാര്യങ്ങൾക്കും പിന്തുണ നൽകി പൂർണമായും കൂടെ നിന്നത് അമ്മയായിരുന്നു.

രാവിലെ ഏഴുമണിക്ക് സ്‌കൂളിൽ കൊണ്ടു പോകുന്നതും തിരികെ കൊണ്ടുവരുന്നതും, പാർലമെന്റിൽ അച്ഛനെ കൊണ്ടാക്കുന്നതും അമ്മയായിരുന്നു. സിൽവർ നിറത്തിലെ മാരുതി കാറോടിച്ചു ഡൽഹിയിലൂടെ എത്തുന്ന അമ്മയുടെ ചിത്രം ഇന്നും മനസിൽ തെളിഞ്ഞു നിൽക്കുന്നു.മാറിയ സാഹചര്യത്തോട് പൊരുത്തപ്പെടാൻ എന്നും മിടുക്കിയാണ്‌.

തൊടുപുഴയിലെ ഗ്രാമത്തിൽ നിന്നും രാജ്യതലസ്‌ഥാനത്ത് ജീവിതം കൂട് കൂട്ടിയപ്പോഴും അതിനനുസരിച്ചു മാറി. ഹിന്ദിയെ വഴക്കിയെടുത്തത് ഡൽഹിയിൽ എത്തിയ ശേഷമായിരുന്നു. കുടുംബത്തോടൊപ്പം നിൽക്കുമ്പോൾ തന്നെ സ്വന്തം ജോലിയിൽ അണുവിട വിട്ടുവീഴ്ച ചെയ്യാനും തയാറായിരുന്നില്ല. കൈക്കുഞ്ഞിനെയും മാറത്ത് ചേർത്തി ബസിൽ ദിവസവും യാത്രചെയ്തു നെയ്യാറ്റിൻകരയിൽ എത്തി ജോലി ചെയ്തു മടങ്ങിയ അമ്മയെക്കുറിച്ചു യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിൽ സഹപ്രവർത്തകർ ഓർമിപ്പിച്ചിട്ടുണ്ട്. അച്ഛന്റെയും ഞങ്ങളുടെയും ഒപ്പം കഴിയുന്നതിനായി പ്രൊമോഷൻ വേണ്ടെന്നു വയ്ക്കുകയായിരുന്നു. ജൂനിയർ ആയവരും ഒപ്പം ജോലി ചെയ്തവരും ഉദ്യോഗകയറ്റത്തിന്റെ പടികൾ കയറിപോയപ്പോൾ ഡെവലപ്മെന്റ് ഓഫീസർ ആയി ആരംഭിച്ച പദവിയിൽ തന്നെ വിരമിച്ചു. ഇതെല്ലാം കുടുംബത്തിന് വേണ്ടിയാണെന്ന ഒരു അവകാശവും ഒരിയ്ക്കലും അമ്മയിൽ നിന്നും ഉണ്ടായിട്ടില്ല.

ഡൽഹി ക്രിക്കറ്റ് അണ്ടർ 19 സാധ്യത പട്ടികയിൽ ഇടം കണ്ടെത്തിയപ്പോൾ നടുവേദനയെ തുടർന്ന് കുറെ നാൾ ഞാൻ കിടപ്പിലായി. ക്രിക്കറ്റ് ബാറ്റ് കാട്ടി ഇനിയും കളിക്കണ്ടേ എന്ന് ആത്മവിശ്വാസം നൽകുന്ന ചോദ്യങ്ങൾ അമ്മ സമ്മാനിച്ചു. മുറിയിൽ വെട്ടി ഒട്ടിച്ച ക്രിക്കറ്റ് ദൈവങ്ങൾക്ക് ഒപ്പം പാടും ഹെൽമെറ്റും ക്രിക്കറ്റ് ബാറ്റുമായി ക്രീസിൽ നിൽക്കുന്ന എന്റെ ചിത്രം മനസ്സിൽ സങ്കൽപ്പിച്ചു. വീട്ടിലുള്ള സമയം നിറയെ സംസാരിക്കുന്ന അമ്മ, എന്റെ മുന്നിൽ പലപ്പോഴും വിശേഷങ്ങൾ വരിഞ്ഞു മുറുക്കി മൗനി ആയത് സിവിൽ സർവീസിനുള്ള തയാറെടുപ്പ് കാലത്തായിരുന്നു. പഠനത്തിന്റെ സമ്മർദ്ദവും തിരക്കും മനസിലാക്കി ഇടയ്ക്കിടെ മോരും വെള്ളം നൽകാനായി മാത്രമാണ് മുറിയിലേക്ക് കടന്നു വന്നിരുന്നത്.

പരീക്ഷയ്ക്ക് മുൻപായി അമ്മുമ്മ വീണതോടെ അമ്മ ആശുപത്രിയിലെ കൂട്ടിരുപ്പ്കാരിയായി. മടങ്ങിപ്പോയ നടുവേദന എനിക്ക് തിരികെ വന്നകാലം. എങ്കിലും വേദന സഹിച്ചും തലയിണ പൊക്കിവച്ചും കട്ടിലിൽ കിടന്നു പഠിക്കുന്ന വേളയിൽ ധൈര്യം പകരാൻ എല്ലാ ദിവസവും വീഡിയോ കോളിൽ അമ്മ എത്തിയിരുന്നു. പരീക്ഷാപേടി ലവലേശം ഇല്ലായിരുന്നെങ്കിലും അമ്മയുടെ വിളിയിൽ വേദന പോലും കുറഞ്ഞു.

സിവിൽ സർവ്വീസ് അഭിമുഖത്തിന് അറിയിപ്പ് എത്തിയപ്പോൾ ഒറ്റയ്ക്ക് ഡൽഹിയിൽ പോയി മടങ്ങാനായിരുന്നു എന്റെ പ്ലാൻ. പക്ഷെ ഡൽഹിയിൽ കുടുംബം അടക്കം പോകണമെന്നത് അമ്മയുടെ നിർബന്ധമായിരുന്നു.സ്നേഹപ്പൂർവമുള്ള പിടിവാശിക്കു മുന്നിൽ മുൻകൂട്ടി നിശ്ചയിച്ചിരുന്ന പരിപാടികളും അച്ഛൻ ഒഴിവാക്കി.

ലോക്ഡൌൺ കാലത്ത് പാചകത്തിൽ അമ്മയുടെ ശിഷ്യനായി മാറി. ഡിണ്ടിഗൽ ,ഹൈദരാബാദ് ,ലക്‌നൗ ബിരിയാണികൾ ഞങ്ങളുടെ അടുക്കളയിൽ വെന്തിറങ്ങി. പേരന്റിങ്ങിലും പ്രൊഫഷണൽ രംഗത്തും പാചകത്തിലും അമ്മയ്ക്കാണ് ഒന്നാംറാങ്ക്. സ്നേഹവും കരുതലും കരുത്തുമായി കൂടെ നിൽക്കുന്ന ഞങ്ങളുടെ അമ്മയ്ക്ക് ,അനിതാ രമേശിന് #മാതൃദിനാശംസകൾ