തിരുവനന്തപുരം : കണ്ണൂരിലെ മയ്യിലിൽ നടന്ന സി.പി.എം പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യം സംബന്ധിച്ച് പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ച നടപടിയിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ടാം തവണയാണ് പ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നിഷേധിക്കുന്നതെന്നും സർക്കാരിന്‍റെ പാവയായി സ്പീക്കർ മാറിയെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുന്നത് പ്രതിപക്ഷത്തിന്‍റെ അവകാശമാണെന്നും രണ്ടാം തവണയാണ് സ്പീക്കർ ഇത്തരത്തിൽ പ്രമേയം തള്ളുന്നതെന്നും ചെന്നിത്തല പറഞ്ഞു. സി.പി.എമ്മിനെതിരെ വരുന്ന അടിയന്തര പ്രമേയങ്ങൾ തള്ളുന്ന നിലപാടാണ് സ്പീക്കർക്കുള്ളത്. സ്പീക്കറെ നീക്കണമെന്ന് അവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം ശരിയാണെന്ന് തെളിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് സി.പി.എമ്മിനുള്ളത്. അവർ പ്രതിനിധാനം ചെയ്യുന്ന ഭീകരതയെ വരച്ചുകാട്ടാനായിരുന്നു സഭയിൽ ശ്രമിച്ച പ്രതിപക്ഷത്തെ തടസപ്പെടുത്തിയ
സ്പീക്കർ സർക്കാരിന്‍റെ പാവയെന്നും ചെന്നിത്തല വ്യക്തമാക്കി.
സി.പി.എം നേതാക്കളുടെ നേതൃത്വത്തിൽ 30 ഓളം ആളുകളാണ് മയ്യിലിൽ പ്രകടനം നടത്തിയത്. വിഷയം നിയമസഭയിൽ ഉന്നയിച്ചാൽ മുഖ്യമന്ത്രിക്ക് മറുപടിയില്ല. അതുകൊണ്ട് സ്പീക്കറും മുഖ്യമന്ത്രിയും ഒത്തുകളിച്ച് പ്രമേയം തള്ളിയെന്നും പ്രമേയവതാരാകനായിരുന്ന സണ്ണി ജോസഫ് വ്യക്തമാക്കി. വിഷയം ഗൗരവതരമാണെന്ന് പ്രതിപക്ഷ നേതാവ് എം.കെ മുനീറും പറഞ്ഞു. വിവിധ കക്ഷി നേതാക്കളായ മോൻസ് ജോസഫ് അനൂപ് ജേക്കബ്ബ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.