ശബരിമല; പ്രധാനമന്ത്രിയുടേത് രാഷ്ട്രീയ വാചക കസര്‍ത്ത്: രമേശ് ചെന്നിത്തല

ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് വെറും രാഷ്ട്രീയ വാചക കസര്‍ത്ത് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തില്‍ നാട്ടില്‍ കലാപമുണ്ടാക്കി അതില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ഹീന ശ്രമമാണ് ബി.ജെ.പി നടത്തിയത്. എന്നാല്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും ആദ്യം മുതലേ ഒരേ ഒരു നിലപാട് മാത്രമേ ഉണ്ടായിരുന്നുള്ളു. അത് വിശ്വാസികളുടെ വികാരങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട് കോണ്‍ഗ്രസ് പ്രസിഡന്‍റെ രാഹുല്‍ ഗാന്ധി ഉള്‍ക്കൊള്ളുകയും, ഭക്തര്‍ക്കൊപ്പം നില്‍ക്കാനുള്ള തീരുമാനത്തെ അംഗീകരിക്കുകയും ചെയ്തു.

എന്നാല്‍ ആര്‍.എസ്.എസും ബി.ജെ.പിയും ഈ വിഷയത്തില്‍ ആദ്യം മുതല്‍ ഇരട്ടത്താപ്പാണ് കാണിച്ചത്. ആദ്യം ശബരിമല യുവതീ പ്രവേശനത്തെ പൂര്‍ണമായും അംഗീകരിക്കുകയും പിന്നീട് സുവര്‍ണാവസരമെന്ന് കണ്ടപ്പോള്‍ നിലപാട് മാറ്റുകയുമാണ് ബി.ജെ.പി ചെയ്തത്. യുവതീ പ്രവേശനം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പോയവര്‍ പോലും സംഘപരിവാര്‍ പശ്ചാത്തലമുള്ളവരായിരുന്നു എന്ന കാര്യം പ്രധാനമന്ത്രി മറക്കരുത്. എന്നാല്‍ കോണ്‍ഗ്രസും യു.ഡി.എഫുമാകട്ടെ 2016 ഫെബ്രുവരിയില്‍ സുപ്രീം കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.

മൂന്ന് സംസ്ഥാനങ്ങളില്‍ ബി.ജെ.പി തകര്‍ന്നടിഞ്ഞതിനെത്തുടര്‍ന്ന് കാലിനടിയില്‍ നിന്ന് മണ്ണൊലിച്ച് പോവുന്നതിന്‍റെ വെപ്രാളമാണ് നരേന്ദ്ര മോദി കാണിക്കുന്നത്. ഇതൊക്കെ പറഞ്ഞ് കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാമെന്ന് നരേന്ദ്ര മോദി കരുതേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Ramesh ChennithalaPM Narendra Modi
Comments (0)
Add Comment