തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ രൂക്ഷമാവുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് വീണ്ടും കത്ത് നല്‍കി. ഗള്‍ഫിലെ ലേബര്‍ ക്യാമ്പില്‍ കുടങ്ങിയിരിക്കുന്ന ഇന്ത്യാക്കാര്‍ ഭക്ഷണവും വെള്ളവും, മരുന്നുമില്ലാതെ നട്ടം തിരിയുകയാണ്. കൊവിഡ് 19 ടെസ്റ്റില്‍ പോസിറ്റീവ് ആയ ആളുകള്‍ക്ക് ആംബുലന്‍സ് അടക്കമുള്ള മെഡിക്കല്‍ സൗകര്യങ്ങള്‍ പോലും ലഭിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല കത്തില്‍ സൂചിപ്പിക്കുന്നു. അവരില്‍ പലരും തങ്ങളുടെ താമസസ്ഥലത്ത് കുടങ്ങിക്കിടക്കുകയാണ്.
ലോകത്തിന്‍റെ നാനാഭാഗങ്ങളിലും കുടങ്ങിക്കിടക്കുന്ന പ്രവാസി ഇന്ത്യാക്കാരെ അടിയന്തിരമായി നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഉണ്ടാകണം. പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവരെ. അവരെ നാട്ടിലെത്തിക്കഴിഞ്ഞാല്‍ ക്വാറന്റൈനില്‍ വയ്കാനുള്ള സൗകര്യങ്ങളും സര്‍ക്കാര്‍ ഇടപെട്ട് ഒരുക്കണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.
അതോടൊപ്പം പ്രവാസികള്‍ക്കായി ഒരു പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പാക്കണം. വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണം. പ്രവാസികള്‍ക്കുള്ള സാമ്പത്തിക പാക്കേജും എംബസികളിലൂടെ നടപ്പാക്കാനുള്ള നടപടികളും ഉണ്ടാകണം. അതോടൊപ്പം തന്നെ ലേബര്‍ ക്യാമ്പില്‍ കുടങ്ങിയിരിക്കുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യാക്കാര്‍ക്ക് വെള്ളവും, ഭക്ഷണവും മരുന്നും ഉടനടി എത്തിക്കാനുള്ള സജ്ജീകരണങ്ങളും അടിയന്തിരമായി ഏര്‍പ്പെടുത്തണമെന്നും രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു.