പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര വിദേശകാര്യ മന്ത്രിയ്ക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നവരെ തിരികെ കൊണ്ടു വരുന്നത് സാദ്ധ്യമാക്കുന്നതിന് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനം കാരണം പ്രതിസന്ധിയിലായ ഗള്‍ഫ് മേഖലയിലെ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് കേന്ദ്ര വിദേശ കാര്യമന്ത്രി ജയശങ്കര്‍ക്ക് നല്‍കിയ കത്തിലാണ് പ്രതിപക്ഷ നേതാവ് ഈ ആവശ്യം ഉന്നയിച്ചത്. ഗള്‍ഫിലെ ഇന്ത്യാക്കാരെ  മടക്കിക്കൊണ്ടു വരുന്നതു സംബന്ധിച്ച ഹര്‍ജി ഒരു മാസത്തേക്ക് സുപ്രീം കോടതി മാറ്റി വച്ചു എങ്കിലും പ്രശ്‌നത്തിന്‍റെ ഗൗരവം ഉള്‍ക്കൊണ്ട് അപ്പീല്‍ നടപടികള്‍ക്കുള്ള സാദ്ധ്യത ആരായണം.

യുഎഇയിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും കോവിഡ് 19 പടര്‍ന്നു പിടിച്ചതോടെ അവിടെയുള്ള ഇന്ത്യന്‍ സമൂഹം കടുത്ത ഭീതിയിലും ഉത്കണ്ഠയിലും കുടുങ്ങിയിരിക്കുകയാണ്. ആയിരക്കണക്കിനാളുകള്‍ക്ക് തൊഴിലും നഷ്ടപ്പെട്ടു. ആയിരങ്ങളെ ശമ്പളമില്ലാത്ത അവധിയിലാക്കി. ഈ സാഹചര്യത്തില്‍ അവിടെ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ മുന്‍ഗണനാക്രമം നിശ്ചയിച്ച് വരാന്‍ ആഗ്രഹിക്കുന്നവരെ മടക്കി കൊണ്ടു വരികയാണ് വേണ്ടത്.

ഗര്‍ഭിണികള്‍, കൊവിഡ് അല്ലാതെ മറ്റു രോഗങ്ങള്‍ ബാധിച്ചവര്‍, വൃദ്ധജനങ്ങള്‍, തൊഴില്‍ രഹിതകര്‍ തുടങ്ങിയവര്‍ക്ക് മടങ്ങിപോരാന്‍ മുന്‍ഗണന നല്‍കണം. മടങ്ങി ഇന്ത്യയിലെത്തുന്നവരെ ക്വാറന്റെയില്‍ ചെയ്യുന്നതിന് വിപുലമായ ഏര്‍പ്പാടുകള്‍ ഇപ്പോല്‍തന്നെ ചെയ്യണം.

രമേശ് ചെന്നിത്തല മുന്നോട്ട് വച്ച് മറ്റു നിര്‍ദ്ദേശങ്ങള്‍ :

1. ഗള്‍ഫ് നാടുകളില്‍ കൊവിഡ് 19 പോസിറ്റീവ് ആയ ഇന്ത്യാക്കാരെ  മണിക്കൂറുകള്‍ക്ക് ശേഷമോ ദിവസങ്ങള്‍ക്ക് ശേഷമോ ആണ് ആശുപത്രികളിലേയ്ക്കോ ഐസലേഷന്‍ സെന്ററുകളിലേക്കോ മാറ്റുന്നത്. ഒരേ ഫ്ളാറ്റില്‍ 15 മുതല്‍ 20 പേര്‍ വരെ താമസിക്കുന്ന ബാച്ചിലേഴ്സ് അക്കോമഡേഷനുകളില്‍ ഇത് രോഗവ്യാപനത്തിന് കാരണമാകുന്നു. അതിനാല്‍ കൊവിഡ് പോസിറ്റീവ് ആയവര്‍ക്ക് മതിയായ ചികിത്സ നല്‍കുന്നതിനുള്ള സൗകര്യം അടിയന്തരമായി ഏര്‍പ്പെടുത്തുന്നതിന് ഇന്ത്യാ ഗവണ്‍മെന്റ് നയതന്ത്ര തലത്തില്‍ നടപടി എടുക്കണം.  പോസിറ്റീവ് ആയവരോട് സമ്പര്‍ക്കം പുലര്‍ത്തിയവരെ നിരീക്ഷണത്തിലാക്കുന്നതിന് പ്രത്യേക ക്വാറന്റെയിന്‍ കേന്ദ്രങ്ങള്‍ വേണം.  അതാത് ഗള്‍ഫ് രാജ്യങ്ങള്‍ ആരംഭിക്കുന്ന ക്വാറന്റെയില്‍ കേന്ദ്രങ്ങള്‍ക്ക് പുറമേ ആ രാജ്യങ്ങളുടെ അനുമതിയോടെ ഇന്ത്യന്‍ എംബസികള്‍ക്കും നിരീക്ഷണ കേന്ദ്രങ്ങള്‍ ആരംഭിക്കേണ്ടതാണ്.

2. കൊവിഡ് പടര്‍ന്നു പിടിച്ചതോടെ ഭയചകിതരായി കഴിയുന്ന ഇന്ത്യാക്കാര്‍ക്ക് ആത്മവിശ്വാസം സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.

3. കൊവിഡ് ഭീഷണി കാരണം ആയിരക്കണക്കിന് ഇന്ത്യാക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയോ, ശമ്പളമില്ലാത്ത അവധിയില്‍ ആവുകയോ ശമ്പളം വെട്ടിക്കുറയ്ക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. വാടക കൊടുക്കുന്നതിനും ഭക്ഷണം വാങ്ങുന്നതിനും പണമില്ലാതെ വിഷമിക്കുന്ന ആയിരക്കണക്കിനാളുകളുമുണ്ട്. ഇവര്‍ക്ക് അടിയന്തരമായി സഹായം എത്തിക്കണം.

4. ടൂറിസ്റ്റ് വിസയിലെത്തി കാലാവധി കഴിഞ്ഞ് ഗള്‍ഫ് മേഖലയില്‍ കുടുങ്ങിപ്പോയവവരും ധാരാളമാണ്. അവര്‍ക്ക് വിസ പുതുക്കിക്കൊടുക്കുന്നതിനുള്ള നടപടികള്‍ നയതന്ത്രതലത്തില്‍ ആരംഭിക്കണം.

5. തൊഴില്‍ നഷ്ടപ്പെട്ടു മടങ്ങി എത്തിന്നവരെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കണം.

6. മടങ്ങിവരുന്നവര്‍ക്ക് ചെറുകിട വ്യവസായങ്ങള്‍ തുടങ്ങുന്നതിനും നാമമാത്രമായ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കണം.

7. തിരിച്ചുവരുന്നവരെ പുനരധിവസിപ്പിക്കുന്നതിനും അവര്‍ക്ക് തൊഴില്‍ നല്‍കുന്നതിനും ജില്ല അടിസ്ഥാനത്തില്‍ ലേബര്‍ സഹകരണ സംഘങ്ങള്‍ രൂപീകരിക്കണം.

Comments (0)
Add Comment