പൊലീസ് സ്റ്റേഷനില്‍ കയറി വധഭീഷണി: അടിയന്തര നടപടി സ്വീകരിക്കണം : മുഖ്യമന്ത്രിയ്ക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

Jaihind News Bureau
Friday, May 29, 2020

ഇടുക്കി വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനില്‍ കയറി സിപിഎം നേതാക്കള്‍ വധഭീഷണി മുഴക്കിയ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തെഴുതി.

തൊടുപുഴ, വണ്ടിപ്പെരിയാര്‍ പോലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ വാഹനപരിശോധനയ്ക്കിടെ ഹെല്‍മെറ്റ്‌ വയ്ക്കാതെ യാത്രചെയ്ത ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകന്‍റെ ബൈക്ക്‌ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ടായിരുന്നു സംഭവം. പ്രകോപിതരായ സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗം ആര്‍.തിലകന്‍, സി.പി.എം. പീരുമേട്‌ ഏരിയാ സെക്രട്ടറി വിജയാനന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സി.പി.എം പ്രവര്‍ത്തകര്‍, വണ്ടിപ്പെരിയാര്‍ സ്റ്റേഷനില്‍ എത്തി ഈ കൊവിഡ്‌ കാലത്ത്‌ ആത്മാര്‍ത്ഥമായി ഓദ്യോഗിക കൃത്യനിര്‍വ്വഹണം നടത്തിവന്നിരുന്ന എ.എസ്‌.ഐ ഉള്‍പ്പെടെയുള്ള പോലീസ്‌ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും, വീട്ടില്‍ കയറി വെട്ടുമെന്നുവരെയുള്ള വധഭീഷണി മുഴക്കുകയും ഉണ്ടായി. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും, ദൃശ്യമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചു. വണ്ടിപ്പെരിയാറില്‍ പോലീസുദ്യോഗസ്ഥര്‍ക്ക്‌ നേരേ ഇപ്രകാരം വധഭീഷണിപോലും മുഴക്കിയ സി.പി.എം. പ്രവര്‍ത്തകരുടെ പേരില്‍ രാഷ്ട്രീയസ്വാധീനംമൂലം നിസ്സാരവകുപ്പുകള്‍ ചേര്‍ത്താണ്‌ കേസെടുത്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല കത്തില്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ ഇന്നത്തെ അന്തരീക്ഷത്തില്‍ ആത്മാര്‍ത്ഥമായി ജോലിനോക്കുന്ന പോലീസ്‌ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വൃഹണത്തിന്‌ തടസ്സം സൃഷ്ടിച്ച്‌, സ്റ്റേഷനിലെത്തി വധഭീഷണി മുഴക്കുകയും, അസഭ്യം വിളിച്ച്‌ പ്രകോപനപരമായി സംസാരിക്കുകയും ചെയ്ത സി.പി.എം പ്രവര്‍ത്തകരുടെ പേരില്‍ നിയമപരമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുക്കുകയും, സംഭവത്തെപ്പറ്റി അന്വേഷിച്ച്‌ മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കുകയും ഇത്തരം പ്രവൃത്തികള്‍ സംസ്ഥാനത്ത്‌ ഇനി ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള അടിയന്തരനടപടി സ്വീകരിക്കണമെന്നും രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു.