ശബരിമല യുവതീപ്രവേശന വിഷയം ഏഴംഗ വിശാല ബെഞ്ചിന് വിട്ട സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ രമേശ് ചെന്നിത്തല. യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് സ്വീകരിച്ച നിലപാടുകള്‍ക്കുള്ള അംഗീകാരമായി ഇതിനെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത് വിശ്വാസി സമൂഹത്തിന്‍റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പാർട്ടി മാത്രമാണ് യുവതീപ്രവേശന വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. ഇപ്പോഴത്തെ വിധി കോണ്‍ഗ്രസിനും യു.ഡി.എഫിനുമുള്ള അംഗീകാരമായി കണക്കാക്കുന്നു. അതേസമയം യുവതീപ്രവേശന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തില്ലെന്നതുകൊണ്ട് പോലീസ് അകമ്പടിയോടെ യുവതികളെ സന്നിധാനത്ത് പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിശ്വാസി സമൂഹത്തിന്‍റെ വികാരങ്ങളെ മാനിക്കുന്നതുകൊണ്ടാണ് സുപ്രീം കോടതി ഇപ്പോള്‍ ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്. ഇനിയെങ്കിലും പഴയ നിലപാട് തിരുത്താന്‍ സർക്കാർ തയാറാകണമെന്നും ശബരിമലയെ സംഘര്‍ഷഭൂമിയാക്കാന്‍ സര്‍ക്കാർ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് വിശ്വാസികള്‍ക്കൊപ്പമാണുള്ളത്. വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഒരു നടപടിയോടും യോജിക്കാനാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഹർജികള്‍ വിശാലബെഞ്ചിന് വിട്ട സ്ഥിതിക്ക് സുപ്രീം കോടതി തീരുമാനത്തിനായി ഏവരും കാത്തിരിക്കണമെന്നും നിലവിലെ വിധി സ്വാഗതാർഹമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.