വോട്ടര്‍ പട്ടികയിലെ ക്രമക്കേട്: തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി സ്വാഗതം ചെയ്യുന്നു: രമേശ് ചെന്നിത്തല

Jaihind News Bureau
Monday, March 22, 2021

 

തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ യഥാര്‍ത്ഥ വോട്ടര്‍മാര്‍ മാത്രമേ ഉണ്ടാവൂ എന്ന് ഉറപ്പു വരുത്തുമെന്ന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വാഗതം ചെയ്തു. വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ് സംബന്ധിച്ച് തന്റെ പരാതി ശരിയാണെന്ന് തെളിഞ്ഞതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ സന്തോഷം. ഏതാണ്ട് മൂന്നേകാല്‍ ലക്ഷത്തോളം ഇരട്ട വോട്ടുകളാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഇതിനകം കണ്ടെത്തിയിട്ടുള്ളത്. ഇവയെല്ലാം ഒഴിവാക്കണം.

കാസര്‍കോട്ടെ ഉദുമയില്‍ ഒരു വോട്ടര്‍ക്ക് അഞ്ചു ഇലക്ടറല്‍ കാര്‍ഡുകള്‍ സൃഷ്ടിക്കപ്പെട്ട കാര്യം താന്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടിയപ്പോള്‍, ‘അവര്‍ കോണ്‍ഗ്രസുകാരിയാണ്, രമേശ് ചെന്നിത്തല വെട്ടിലായി’ എന്നാണ് ചില മാദ്ധ്യമങ്ങള്‍ പോലും പരിഹസിച്ചത്. മുഖ്യമന്ത്രിയും ആ പരിഹാസം ഏറ്റെടുത്തിരുന്നു. ആ പരാതി ശരിയാണെന്ന് തെളിയുകയും ഉത്തരവാദിയായ അസിസ്റ്റന്റ് ഇലക്ട്രറല്‍ ഓഫീസറെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വോട്ടേഴ്‌സ് ലിസ്റ്റില്‍ ഇരട്ടിപ്പുണ്ടാക്കുന്നതും കൃത്രിമം നടത്തുന്നതും ആ വോട്ടര്‍ അറിയാതെയാകാമെന്ന് തുടക്കം മുതല്‍ താന്‍ ചൂണ്ടികാണിച്ചതാണ്. അതും ശരിയാണെന്ന് തെളിഞ്ഞു. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഭരണസംവിധാനം വഴിയാണ് ഈ ക്രമക്കേട് നടന്നത്. അത് ചൂണ്ടിക്കാട്ടിയതിന് പരിഹസിച്ചത് മുഖ്യമന്ത്രിയുടെ ജാള്യത മറയ്ക്കാനാണെന്ന്  രമേശ് ചെന്നിത്തല പറഞ്ഞു.